Vincy Aloshious against Shine Tom Chacko: ഉപയോഗിച്ചു കഴിഞ്ഞാല്‍ വല്ലാത്തൊരു പെരുമാറ്റ രീതി, വേറെ കുട്ടിക്കും മോശം അനുഭവം: വിന്‍സി
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് ഒരു പ്രമുഖ നടന്‍ തന്നോടു മോശമായി പെരുമാറിയെന്ന് വിന്‍സി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു
Shine Tom Chacko and Vincy Aloshious
Vincy Aloshious: നടന്‍ ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് തനിക്കു മാത്രമല്ല വേറെ പല നടിമാര്‍ക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി വിന്‍സി അലോഷ്യസ്. തനിക്കൊപ്പം ഉണ്ടായിരുന്ന പുതുമുഖമായ ഒരു പെണ്‍കുട്ടിക്ക് ഷൈന്‍ ടോം ചാക്കോ കാരണം ഭയങ്കര ബുദ്ധിമുട്ടായിരുന്നെന്നും വിന്‍സി പറഞ്ഞു.
' ഉപയോഗിച്ചു കഴിഞ്ഞാല്‍ നിലത്തു പോലും നില്‍ക്കാന്‍ പറ്റാത്ത രീതിയിലുള്ള ഒരു തരത്തിലുള്ള പെരുമാറ്റവും രീതിയുമാണ്. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല, ഓരോ സ്ത്രീകളോടും മോശമായ രീതിയിലുള്ള കമന്റ്‌സും സംസാരങ്ങളുമാണ് അദ്ദേഹം പറയുന്നത്. എന്നോടും അതുപോലെ എന്റെ കൂടെയുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകയ്ക്കുമാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുള്ളത്,'
' ആ കുട്ടിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് മനസ്സിലടക്കി ആ കുട്ടി ഇരുന്നു. ആ കുട്ടി പുതുമുഖമാണ്. നമ്മള്‍ എന്തെങ്കിലും പരാതിപ്പെട്ടാല്‍ അത് സിനിമയെ ബാധിക്കില്ലേ എന്നതുകൊണ്ട് മാത്രം മിണ്ടാതിരുന്നു. പക്ഷേ ഇപ്പോള്‍ ആരെങ്കിലും ചോദിച്ചാല്‍ അത് തുറന്നുപറയാന്‍ ധൈര്യമുണ്ടെന്ന് തന്നെയാണ് ആ കുട്ടി പറയുന്നത്,' വിന്‍സി പറഞ്ഞു.
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് ഒരു പ്രമുഖ നടന്‍ തന്നോടു മോശമായി പെരുമാറിയെന്ന് വിന്‍സി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. പിന്നീട് പേര് വെളിപ്പെടുത്താനും പരാതി നല്‍കാനും വിന്‍സി തയ്യാറായി. ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് വിന്‍സി പരാതി നല്‍കിയത്. വിന്‍സിയുടെ വെളിപ്പെടുത്തലില്‍ സര്‍ക്കാരും അന്വേഷണം നടത്തും.