Mohanlal 30,Malayalam Cinema
മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാന്‍ പാകത്തില്‍ നിരവധി ക്ലാസിക്കുകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. ഏറെ വൈകാരികമായി മനസ്സിലെ സ്പര്‍ശിക്കുന്ന നിരവധി സിനിമകളാണ് സിബി മലയില്‍ സംവിധാനം ചെയ്തിട്ടുള്ളത്. ആകാശദൂത്,കിരീടം,തനിയാവര്‍ത്തനം,ഭരതം എന്ന് തുടങ്ങി ദേവദൂതന്‍ വരെ ആ ലിസ്റ്റ് നീളുന്നു. ഇതില്‍ തന്നെ മോഹന്‍ലാലിനൊപ്പം സദയം,ഭരതം,ദശരഥം,കിരീടം എന്നിങ്ങനെ നിരവധി സിനിമകള്‍ സിബി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്റെ 29മത്തെ വയസ്സില്‍ ചെയ്ത തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മാത്രം റെയ്ഞ്ചുള്ള നടന്മാര്‍ ഇന്നത്തെ കാലത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിബി മലയില്‍.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലും മമ്മൂട്ടിയും ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നതിനെ പറ്റിയുള്ള മറുപടിയായാണ് സിബി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയും മോഹന്‍ലാലും നല്ല ടാലന്റുള്ള ആര്‍ട്ടിസ്റ്റുകളാണെന്നും അവരെ പോലെ ദീര്‍ഘകാലം നിലനില്‍ക്കാനാവുന്ന നടന്മാര്‍ ഇനി ഉണ്ടാകില്ലെന്നും സിബി പറയുന്നു. ഉദാഹരണമായി പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ തന്റെ 29-30 കാലത്തിലാണ് കിരീടം,ദശരഥം,ഭരതം തുടങ്ങിയ സിനിമകള്‍ ചെയ്യുന്നത്. ഇന്നത്തെ നടന്മാര്‍ക്ക് അവരുടെ 30 വയസ്സില്‍ ഇതൊന്നും ചെയ്യാനാകില്ല. ആ പ്രായമെല്ലാം കഴിഞ്ഞാണ് അവര്‍ക്കെല്ലാം അത്തരം കഥാപാത്രങ്ങളെ ലഭിക്കുന്നത്.
മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുകള്‍ പലകുറി നേരിട്ട് കണ്ടതുകൊണ്ടാകാം അയാളുടെ ആ സിനിമകളിലെ പെര്‍ഫോമന്‍സ് ചെയ്യാന്‍ സാധിക്കുന്ന ആ പ്രായത്തിലുള്ള യുവനടന്മാര്‍ ഇന്നില്ല. ചിലപ്പോള്‍ ഫഹദിനെ കൊണ്ട് സാധിക്കുമായിരിക്കും. മറ്റൊരു കാര്യമുള്ളത് അത്തരം കഥകള്‍ ഇന്ന് ഉണ്ടാകുന്നില്ല എന്നത് കൊണ്ട് കൂടിയാവാം. അത്രയും ഡെപ്തുള്ള കഥാപാത്രങ്ങള്‍ അവരില്‍ എത്തിയാല്‍ ചെയ്യാന്‍ കഴിവുള്ളവരുണ്ടാകാം. പക്ഷേ ഈയൊരു പ്രായത്തില്‍ തന്നെ അയാള്‍ ഇതൊക്കെ ചെയ്തുപോയിരുന്നു. സിബി പറഞ്ഞു.