മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ ടീസറോ ട്രെയ്‌ലറോ വരുന്നതിന് മുന്‍പ് തന്നെ സിനിമയ്ക്ക് വമ്പന്‍ ഹൈപ്പ് നല്‍കിയത് സിനിമയുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമിന്റെ ഒരു അഭിപ്രായമായിരുന്നു. മഞ്ഞുമ്മല്‍ മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന ആ ഒരൊറ്റ അഭിപ്രായത്തോടെയാണ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. റിലീസിന് ശേഷം കേരളത്തിലും തമിഴ്‌നാട്ടിലും ഒരു പോലെ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാന്‍ സിനിമയ്ക്ക് സാധിച്ചു.
ഫെബ്രുവരി 22ന് പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഇതിനകം കളക്ട് ചെയ്തത് 170.5 കോടിയോളം രൂപയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 4.5 കോടി രൂപ കൂടി നേടാനായാല്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമെന്ന നേട്ടം 2018ല്‍ നിന്നും സ്വന്തമാക്കാന്‍ മഞ്ഞുമ്മലിലെ പിള്ളേര്‍ക്കാകും. നിലവിലെ ട്രെന്‍ഡില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഇത് എളുപ്പത്തില്‍ തന്നെ മറികടക്കും. 2018,മഞ്ഞുമ്മല്‍ ബോയ്‌സ്,പുലിമുരുകന്‍,ലൂസിഫര്‍,പ്രേമലു എന്നീ സിനിമകളാണ് നിലവില്‍ ടോപ് ഫൈവിലുള്ള മലയാളം സിനിമകള്‍. റ്റമിഴ്‌നാട്ടില്‍ നിന്നും മാത്രം മഞ്ഞുമ്മല്‍ ബോയ്‌സ് 45 കോടിയിലേറെ രൂപയാണ് കളക്ട് ചെയ്തത്.