Diya Krishna: അവർ ഇപ്പോൾ സബ് ജയിലിൽ, സത്യം പറഞ്ഞെങ്കിൽ പേര് പോലും പുറത്തുവരില്ലായിരുന്നു: തട്ടിപ്പ് കേസിൽ സിന്ധു കൃഷ്ണ
ഒളിവിലായിരുന്ന മൂന്നാമത്തെ പ്രതിയും കീഴടങ്ങിയിരുന്നു.
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ചിരുന്നു. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുൻ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്. ഒളിവിലായിരുന്ന മൂന്നാമത്തെ പ്രതിയും കീഴടങ്ങിയിരുന്നു.
40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ഇതിനിടെ, ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ. ഇത്ര വലിയ തട്ടിപ്പ് കാണിച്ചിട്ടും തങ്ങൾ മാന്യമായാണ് ആ പെൺകുട്ടികളോട് പെരുമാറിയതെന്ന് സിന്ധു കൃഷ്ണ പറയുന്നു.
''ഓ ബൈ ഓസിയിൽ നിന്നും പണം തട്ടിയ പെൺകുട്ടികൾ പോലീസിൽ കീഴടങ്ങിയത് നിങ്ങൾ പലരും ടിവിയിൽ കണ്ട് കാണും. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. അവർ ഇപ്പോൾ സബ് ജയിലിലാണ് ഉള്ളത്. ഇനി പോലീസ് കസ്റ്റഡിയും തെളിവെടുപ്പും എല്ലാം ഉണ്ടാകും. എല്ലാം തുറന്ന് സമ്മതിച്ച് പണം തിരികെ കൊടുത്ത് ഒതുക്കി തീർത്താൽ മതിയായിരുന്നുവെന്ന് അവർ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും.
അത്രയേറെ തട്ടിപ്പ് കാണിച്ചിട്ടും ഞങ്ങൾ മാന്യമായാണ് അവരോട് പെരുമാറിയത്. പൈസ തിരികെ കൊണ്ട് തരാമെന്ന് പറഞ്ഞ് പോയവരാണ് മറ്റാരുടെയോ ഉപദേശം കേട്ട് ഞങ്ങൾക്ക് എതിരെ കേസ് കൊടുത്തതും പ്രസ്മീറ്റ് വിളിച്ചതും. അവർ പണം തന്ന് സത്യം തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇന്ന് മീഡിയയിൽ പേരൊന്നും വരില്ലായിരുന്നു. ആലോചിക്കുമ്പോൾ സങ്കടമുണ്ട്. അവരുടെ വീട്ടുകാർ അടക്കം പലതും അനുഭവിക്കേണ്ടി വരുന്നു.
അതിൽ ഒരു കുട്ടിയുടെ അച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവർ മൂന്ന് പെൺകുട്ടികളും ഈ സംഭവത്തിനുശേഷം പിരിഞ്ഞിരുന്നു. വിനീതയും രാധുവും ഒരു ഗ്രൂപ്പായി. ദിവ്യ അവരുടെ അടുത്ത് നിന്നും പോയി. ദിവ്യയ്ക്ക് വേറൊരു വക്കീൽ ആയിരുന്നു'', എന്നും സിന്ധു കൃഷ്ണ വ്ളോഗിൽ പറഞ്ഞു.