Radhika Apte: ഗർഭിണിയായിരുന്നപ്പോഴും ഇറുകിയ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു: നിർമാതാവിനെതിരെ രാധിക ആപ്‌തെ
സിനിമ ഇൻഡസ്ട്രിയിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് പലപ്പോഴും രാധിക തുറന്നു പറഞ്ഞിട്ടുണ്ട്.
ബോളിവുഡിലെ ബോൾഡ് നായികമാരിലൊരാളാണ് രാധിക ആപ്തെ. തലതൊട്ടപ്പന്മാർ ഒന്നുമില്ലാതെ സ്വന്തം അദ്ധ്വാനം കൊണ്ട് മാത്രമാണ് രാധിക ഇന്ന് കാണുന്ന നിലയിലെത്തിയത്. സിനിമ ഇൻഡസ്ട്രിയിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് പലപ്പോഴും രാധിക തുറന്നു പറഞ്ഞിട്ടുണ്ട്.
ഗർഭിണിയാണെന്ന് അറിയിച്ചതോടെ ബോളിവുഡിൽ നേരിട്ട വിവേചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്തെ. നേഹ ദുപിയയുടെ ഫ്രീഡം ടു ഫ്രീഡം ക്യാംപെയിനിലായിരുന്നു രാധിക ആപ്തെയുടെ വെളിപ്പെടുത്തൽ. ഗർഭിണിയായിരിക്കുമ്പോൾ ആദ്യത്തെ മൂന്നു മാസം ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ലഭിച്ച പിന്തുണയിലെ വ്യത്യാസത്തെ കുറിച്ചാണ് രാധിക പറഞ്ഞത്.
ഇന്ത്യയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗർഭിണിയാണെന്ന് രാധിക അറിയിച്ചത്. ഇത് ആ ചിത്രത്തിന്റെ നിർമാതാവിന് ഇഷ്ടമായില്ലെന്നും രാധിക വെളിപ്പെടുത്തി. നിർമാതാവ് അസന്തുഷ്ടനായിരുന്നു. ആദ്യ നാളുകളിലെ ക്ഷീണം കാരണം ഞാൻ വീർപ്പുട്ടി. എനിക്ക് വേദന അനുഭവപ്പെട്ടു. എപ്പോഴും വിശപ്പും ഉണ്ടായിരുന്നു. എന്നാൽ ആ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. സെറ്റിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴും ഡോക്ടറെ കാണാൻ അനുവദിച്ചില്ല.– രാധിക പറഞ്ഞു.