Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങളുടെ ക്ലീഷേ സ്വഭാവം പൊളിച്ച് കളഞ്ഞ് ലാല്‍ ജോസ്:സലാം ബാപ്പു

ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങളുടെ ക്ലീഷേ സ്വഭാവം പൊളിച്ച് കളഞ്ഞ് ലാല്‍ ജോസ്:സലാം ബാപ്പു

കെ ആര്‍ അനൂപ്

, തിങ്കള്‍, 22 ഓഗസ്റ്റ് 2022 (15:02 IST)
ക്ലാസ്മേറ്റ് പോലുള്ള മര്‍ഡര്‍ മിസ്റ്ററി റിവീല്‍ ചെയ്യുന്ന സിനിമകള്‍ ലാല്‍ ജോസ് ചെയ്തിട്ടുണ്ടെങ്കിലും ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ഇതാദ്യമായാണെന്ന് സംവിധായകന്‍ സലാം ബാപ്പു ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങളുടെ ക്ലീഷേ സ്വഭാവം പൊളിച്ച് കളയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അനാവശ്യമായ ഷോട്ടുകളോ ചടുലമായ മൊമെന്റുകളോ കഥയിലെ വലിച്ചു നീട്ടലുകളോ ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ലെന്നും സലാം ബാപ്പു പറയുന്നു.
 
സലാം ബാപ്പുവിന്റെ വാക്കുകള്‍ 
 
മഴവില്‍ മനോരമയുടെ Mazhavil Manorama റിയാലിറ്റി ഷോ നായിക നായകന്മാരിലെ അഭിനയ പ്രതിഭകളെ വിധികര്‍ത്താവായ ലാല്‍ജോസ് സര്‍ ടെലിവിഷനിലെ ചെറിയ സ്‌ക്രീനില്‍ നിന്നും 'സോളമന്റെ തേനീച്ചകള്‍' (Solomante Theneechakal) എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നു. അന്ന് നമ്മുടെ സ്വീകരണ മുറിയിലെ മിനി സ്‌ക്രീനില്‍ വിന്‍സി അലോഷ്യസിനേയും ദര്‍ശനയെയും ആഡിസ് അക്കരയെയും ശംഭുവിനേയും കണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്ന പ്രേക്ഷകര്‍ ഇന്ന് തീയറ്ററിലെ ബിഗ് സ്‌ക്രീനില്‍ ആര്‍പ്പു വിളികളോടെ അവരെ സ്വീകരിക്കുന്നു, ഈ തേനീച്ചകള്‍ മലയാള സിനിമയില്‍ മികച്ച പ്രകടനത്തിലൂടെ തേന്‍കൂട് കൂട്ടിയിരിക്കുന്നു. ഇവരിലൂടെ മലയാള സിനിമയ്ക്ക് മധുരമുള്ള ചെറുപ്പം സമ്മാനിച്ചിരിക്കുന്നു ലാല്‍ ജോസ് എന്ന പ്രതിഭ.
 
തന്റെ ക്ലാസ് ടച്ച് കൊണ്ട് ഓരോ സിനിമകളും വൈവിദ്ധ്യങ്ങളായി അണിയിച്ചൊരുക്കുന്ന ലാല്‍ ജോസ് സാറില്‍ നിന്നും ലഭിച്ച പുതുമയാര്‍ന്ന ചിത്രം തന്നെയാണ് 'സോളമന്റെ തേനീച്ചകള്‍', ക്ലാസ്മേറ്റ് പോലുള്ള മര്‍ഡര്‍ മിസ്റ്ററി റിവീല്‍ ചെയ്യുന്ന സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ഇതാദ്യമായാണ്, എന്നാല്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങളുടെ ക്ലീഷേ സ്വഭാവം പൊളിച്ച് കളയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അനാവശ്യമായ ഷോട്ടുകളോ ചടുലമായ മൊമെന്റുകളോ കഥയിലെ വലിച്ചു നീട്ടലുകളോ ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ല. വളരെ കയ്യൊതുക്കത്തോടെ വ്യക്തമായും വൃത്തിയായും സോളമനെയും തേനീച്ചകളെയും സംവിധായകന്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. 
 
ലാല്‍ ജോസ് എന്ന മലയാളികളുടെ പ്രിയ സംവിധായകന്‍ ഒരു പറ്റം യുവാക്കളോടൊപ്പം കൈകോര്‍ത്തപ്പോള്‍ യുവതയെ ത്രസിപ്പിക്കുന്ന കൊച്ചിയിലെ ഡി ജെ പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ് സിനിമ ആരംഭിക്കുന്നത്, സി.ഐ. ബിനു അലക്‌സ് എന്ന പോലീസ് ഓഫീസര്‍ ഒരു നാര്‍കോട്ടിക്ക് വേട്ടയില്‍ നിന്നാണ് തുടക്കം, സി ഐയില്‍ നിന്ന് തുടങ്ങുന്ന കഥ ഇണപിരിയാത്ത സുഹൃത്തുക്കളായ രണ്ടു യുവ വനിതാ പോലീസുകാരില്‍ എത്തുന്നു, സാധാരണ സിനിമകളില്‍ കാണുന്ന ഉയര്‍ന്ന റാങ്കിലുള്ള ഐ പി എസ് ഉദ്യോഗസ്ഥകളെയല്ല ലാല്‍ ജോസ് തേനീച്ചകളിലൂടെ അവതരിപ്പിക്കുന്നത് ഏറ്റവും താഴെ തട്ടിലുള്ള സ്റ്റേഷന്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ ആയ ഗ്ലൈന തോമസും (വിന്‍സി അലോഷ്യസ്), ട്രാഫിക്കില്‍ പെടാപ്പാടുപെടുന്ന സുജയും (ദര്‍ശന), അവരുടെ പ്രാരാബ്ധങ്ങളും, ഇണക്കങ്ങളും പിണക്കങ്ങളുമായി പതിഞ്ഞ താളത്തില്‍ സിനിമ മുന്നോട്ട് പോകുമ്പോള്‍ ഇതിനിടയിലേക്ക് ഏറെ ദുരൂഹതകളുള്ള ശരത്ത് (ശംഭു) കടന്നുവരുന്നു. കൂട്ടുകാരികളില്‍ ഒരാളുടെ പ്രണയം പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തില്‍ അശാന്തി വിതയ്ക്കുകയാണ്. സുജയുടെ എല്ലാ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കുന്ന ശരത് ഇവരെ വലിയൊരു ഊരാക്കുടുക്കിലേക്ക് ചാടിക്കുന്നു, ബിനു അലക്‌സിനു പകരം വരുന്ന കര്‍ക്കശക്കാരനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോളമന്‍ (ജോജു ജോര്‍ജ്) എന്ന പുതിയ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ കടന്നു വരവ് ഈ മൂന്നുപേരുടെയും ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നു, 
 
സുജയുടെയും ഗ്ലെനയുടെയും കുട്ടിക്കളികളും സൗഹൃദവും പ്രണയവുമാണ് ആദ്യപകുതി ഫീല്‍ ഗുഡ് സിനിമയുടെ പാറ്റേണില്‍ മുന്നോട്ട് പോകുമ്പോള്‍ രണ്ടാം പാതി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ കാഴ്ചയിലേക്ക് കളം മാറുന്നു. ജോജു ജോര്‍ജിന്റെ രംഗപ്രവേശനത്തോടെ സിനിമയുടെ സ്വഭാവം മാറുകയാണ്, സി ഐ സോളമനെന്ന അന്വേഷണ ഉദ്യോഗസ്ഥനെ വളരെ രസകരമായാണ് ജോജു ജോര്‍ജ് പോര്‍ട്രെ ചെയ്തിരിക്കുന്നത്. കഥയുടെ രസച്ചരട് മുറിക്കാതെ മുന്നോട്ട് കൊണ്ടുപോവുന്നതില്‍ ജോജു ജോര്‍ജിന്റെ കഥാപാത്രത്തിന് വലിയൊരു റോള്‍ തന്നെയുണ്ട്. ജോണി ആന്റണി, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
 
ലളിതവും സ്വാഭാവികവുമായ രീതിയില്‍ കഥപറഞ്ഞ് തുടങ്ങി പ്രവചനാതീതമായി അവസാനം കൊഴുപ്പിക്കുന്ന പി.ജി. പ്രഗീഷിന്റെ കെട്ടുറപ്പുള്ള സ്‌ക്രിപ്റ്റ് ഏറെ അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ്. ലാല്‍ ജോസ് സാറിന്റെ നാല്‍പത്തിയൊന്ന് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രഗീഷ് സോളമനിലൂടെ മലയാള സിനിമക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അജ്മല്‍ സാബു പകര്‍ത്തിയ ദൃശ്യങ്ങളും മികച്ചുനില്‍ക്കുന്നു. രഞ്ജന്‍ എബ്രഹാമിന്റെ പരിചയ സമ്പന്നമായ എഡിറ്റിംഗ് ചിത്രത്തിന് മുതല്‍ക്കൂട്ടാണ്, വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
 
ആത്യന്തികമായി സോളമന്റെ തേനീച്ചകള്‍ സംവിധായകന്റെ ചിത്രം തന്നെയാണ്, ഒരിടവേളയ്ക്ക് ശേഷം മാസ്റ്റേഴ്‌സ് തിരിച്ചു വരുന്ന ഈ കാലത്ത് പ്രേക്ഷകരെ വലിച്ചടുപ്പിക്കാന്‍ ഈ ചിത്രത്തിലൂടെ ലാല്‍ ജോസ് സാറിന് സാധിക്കുന്നുണ്ട്, സൗഹൃദം, പ്രണയം, കുറ്റാന്വേഷണം, പിന്നെ പ്രേക്ഷകരുടെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ഉഗ്രന്‍ ക്ലൈമാക്‌സ്... പുതിയ ലോകത്തെ പുത്തന്‍ തരംഗങ്ങള്‍ സൂക്ഷ്മതയോടെ സംവിധായകന്‍ ഈ ചിത്രത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. 
 
തീര്‍ച്ചയായും 'സോളമന്റെ തേനീച്ചകള്‍' തീയറ്ററില്‍ നിന്ന് തന്നെ കാണേണ്ട സിനിമയാണ്. ലാല്‍ ജോസ് സാറിന്റെ തന്നെ രണ്ടാം ഭാവം തീയറ്ററില്‍ കാണാതെ പിന്നീട് ടെലിവിഷനിലും OTT പ്ലാറ്റ്‌ഫോമുകളിലും സിനിമ ഇറങ്ങിയപ്പോള്‍ മികച്ച ചിത്രമെന്ന് പ്രശംസിക്കുന്നത് കണ്ടിട്ടുണ്ട്, അത്തരം പ്രശംസ കൊണ്ട് ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരു പ്രയോജനവുമില്ല; തിയേറ്ററില്‍ നിന്ന് പ്രേക്ഷകര്‍ ചിത്രം കണ്ട് നല്ല അഭിപ്രായം പറയുമ്പോഴാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കൂടുതല്‍ കരുത്തോടെ പ്രേക്ഷകരെ വീണ്ടും രസിപ്പിക്കാനാവുക... 
 
സോളമന്റെ തേനീച്ചകളുടെ മധുരം നുണയാന്‍ എല്ലാവരും തിയേറ്ററില്‍ നിന്ന് ചിത്രം കാണുക...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ചാക്കോ ബോബന്റെ 'ഒറ്റ്' സൗഹൃദത്തിന്റെയും വഞ്ചനയുടെയും കഥ:അപ്പു ഭട്ടതിരി