മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെ കണക്കറ്റ് വിമര്‍ശിച്ച കഥാപാത്രമായിരുന്നു രോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന സിനിമയിലെ സരോജ് കുമാര്‍ എന്ന കഥാപാത്രം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പല ഘടകങ്ങള്‍ ഉള്‍ചേര്‍ന്ന കഥാപാത്രമായിരുന്നു അത്. എന്നാല്‍ സരോജ് കുമാര്‍ എന്ന അതേ പേരില്‍ മറ്റൊരു സിനിമ ഒരുക്കിയപ്പോള്‍ അത് മോഹന്‍ലാലിനെ അപഹസിക്കുന്ന സിനിമയെന്ന ലെവലിലേക്ക് താഴുകയാണുണ്ടായത്. ആ സിനിമയ്ക്ക് പിന്നാലെയായിരുന്നു മോഹന്‍ലാല്‍ ശ്രീനിവാസന്‍ സൗഹൃദത്തിലും ഉലച്ചിലുണ്ടാകുന്നത്.
ഇപ്പോഴിതാ സരോജ് കുമാര്‍ എന്ന സിനിമ മോഹന്‍ലാലിനെ കളിയാക്കാനായി ചെയ്തതാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ശ്രീനിവാസന്‍. സിനിമാതെക്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ മനസ് തുറന്നത്. മോഹന്‍ലാലിനെ മാത്രമല്ല സരോജ് കുമാര്‍ എന്ന കഥാപാത്രം കളിയാക്കുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു. കപില്‍ദേവിന് കേണല്‍ പദവി ലഭിച്ച സമയത്ത് മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ച് തനിക്ക് കേണല്‍ പദവി ലഭിക്കുമോ എന്ന് ചോദിച്ചിരുന്നെന്നും അത് വിചിത്രമായി തോന്നിയിരുന്നെന്നും ശ്രീനിവാസന്‍ പറയുന്നു.
സരോജ് കുമാറില്‍ അധികവും മമ്മൂട്ടിയാണെന്നും ശ്രീനിവാസന്‍ പറയുന്നു. സിനിമ ഇറങ്ങിയ സമയത്ത് തന്നെ സിനിമയിലെ കൂളിംഗ് ഗ്ലാസ് സംഗതിയെല്ലാം മമ്മൂട്ടിയാണെന്ന് അന്ന് തന്നെ ചര്‍ച്ചയായിരുന്നു. സിനിമയിലെ എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ സംഭവവും മമ്മൂട്ടിയാണെന്നും ശ്രീനി പറയുന്നു. മഴയെത്തും മുന്‍പെ എന്ന സിനിമ ഇറങ്ങിയ സമയം. അതേദിവസം തന്നെയാണ് മോഹന്‍ലാലിന്റെ സ്ഫടികവും റിലീസ് ചെയ്യുന്നത്. രണ്ടും ഓടിയ സിനിമകളാണ്. അന്ന് ഞാനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും ഒരു മീറ്റിംഗിന് പോവുകയായിരുന്നു. വണ്ടി ഓടിക്കുന്നത് മമ്മൂട്ടിയാണ്. റോഡ് സൈഡില്‍ സ്ഫടികത്തിന്റെയും മഴയെത്തും മുന്‍പെയുടെയും പോസ്റ്ററുകളുണ്ട്.
ഇതുകണ്ട് മമ്മൂട്ടി പറഞ്ഞു. സ്ഫടികത്തിന്റെ പോസ്റ്റര്‍ കണ്ടോ? മോഹന്‍ലാല്‍ മാത്രം. നമ്മുടെ പോസ്റ്ററില്‍ ശോഭനയും പിന്നെയും ആരൊക്കെയോ ഉണ്ട്. നീ ആ മാധവന്‍ നായരെ വിളിച്ച് എന്റെ മാത്രം പോസ്റ്റര്‍ വെയ്ക്കാന്‍ പറ. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാന്‍ വിളിച്ചാല്‍ ഒരു പ്രശ്‌നമുണ്ട്. എന്റെ മുഖം വെച്ച് പോസ്റ്ററടിക്കാന്‍ പറയും. അതിന് ശേഷം മമ്മൂട്ടി അധികം പ്രോത്സാഹിപ്പിക്കാന്‍ വന്നിട്ടില്ല. ശ്രീനിവാസന്‍ പറയുന്നു.