Publish Date: Tue, 07 Apr 2026 (14:36 IST)
Updated Date: Tue, 07 Apr 2026 (14:38 IST)
മലയാളി പ്രേക്ഷകരുടെ പ്രിയതാരം സുഹാസിനി മണിരത്നം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നു. ജയ് ദേവ് സംവിധാനം ചെയ്യുന്ന 'അഞ്ചാം പ്രമാണം' എന്ന ചിത്രത്തിലൂടെയാണ് സുഹാസിനിയുടെ രണ്ടാം വരവ്. 80-കളിലെ ഒരു സുറിയാനി ക്രിസ്ത്യന്‍ തറവാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സൈക്കോളജിക്കല്‍ ത്രില്ലറില്‍ 'ഗ്രേസി' എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഏപ്രില്‍ ആറ് തിങ്കളാഴ്ച കൊടുങ്ങല്ലൂര്‍ പൊയ്യയില്‍ നടന്ന ചടങ്ങില്‍ സുഹാസിനി തന്നെയാണ് ചിത്രത്തിന്റെ ഭദ്രദീപം കൊളുത്തിയതും ഫസ്റ്റ് ക്ലാപ്പ് നല്കിയതും. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും മൂല്യങ്ങള്‍ക്കും വലിയ പ്രാധാന്യം നല്കുന്ന കുടുംബങ്ങളില്‍ സ്ത്രീകളുടെ അവസ്ഥയും അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് സിനിമയുടെ ഇതിവൃത്തം. തികച്ചും റിയലിസ്റ്റിക് ആയ രീതിയിലാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ പ്രഗത്ഭരുടെ നിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്. കോമണ്‍വെല്‍ത്ത് പുരസ്കാര ജേതാവായ ഷൈനി ആന്റണിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ദേശീയ അവാര്‍ഡ് ജേതാവ് ബീനാ പോള്‍ എഡിറ്റിംഗും, മിരിയം ചാണ്ടി കോ-ഡയറക്ഷനും നിര്‍വ്വഹിക്കുന്നു.
സുഹാസിനിക്കൊപ്പം കനി കുസൃതി 'ആനി' എന്ന പ്രധാന വേഷത്തിലെത്തുന്നു. രണ്‍ജി പണിക്കര്‍, ഷെബിന്‍ ബെന്‍സണ്‍, വിനയ് മേനോന്, അഖില നാഥ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സുശാന്ത് സിംഗ് രാജ്പുത് ചിത്രം 'ദില്‍ ബെചാര'യിലൂടെ ശ്രദ്ധേയയായ നിമിഷ എലിസബത്ത് ഡീന്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. റൂബി എന്‍ ഡവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിന്റോ പൊടുത്താസ് നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധായകന്.വാഴൂര്‍ ജോസാണ് ചിത്രത്തിന്റെ പി.ആര്.ഒ.
അഭിറാം മനോഹർ
Publish Date: Tue, 07 Apr 2026 (14:36 IST)
Updated Date: Tue, 07 Apr 2026 (14:38 IST)