മലയാള സിനിമയുടെ താരസംഘടനയ്ക്ക് അമ്മ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അത് അങ്ങനെ തന്നെ ഉച്ചരിക്കണമെന്നും നടന്‍ സുരേഷ് ഗോപി. കൊച്ചിയില്‍ നടന്ന അമ്മ കുടുംബസംഗമ വേദിയില്‍ സംസാരിക്കുകയായിരുന്നു താരം.
ഒരുപാട് സ്‌നേഹക്കൂടുതലാണ് ഇപ്പോള്‍ തോന്നുന്നത്. 1994ല്‍ സംഘടന രൂപീകൃതമായതിന് തൊട്ട് പിന്നാലെ തന്നെ അടുക്കും ചിട്ടയോടും കൂടി തുടങ്ങാന്‍ പറ്റത്ത സാഹചര്യത്തില്‍ ഇതുപോലൊരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാര്‍ നയിക്കുന്ന രീതിയിലാണ് സംഘടന തുടങ്ങുന്നത്. പിന്നീട് എം ജി സോമന്റെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 1995 ജനുവരിയിലാണ് ധനശേഖരണാര്‍ഥം അമ്മ ആദ്യ ഷോ നടത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ഒരുപാട് പേരുടെ ഹൃദയകൂട്ടായ്മയായിട്ടാണ് സംഘടന നിലനിന്നത്. 6 മാസം മുന്‍പ് നമ്മള്‍ ഹൃദയം കൊണ്ട് വോട്ട് ചെയ്ത് ജയിപ്പിച്ച ഒരു സംഘം ഒരു വെറും വാക്ക് പറഞ്ഞ് ഇറങ്ങിപോയെന്നെ ഞാന്‍ കരുതുന്നുള്ളു.
സംഘടന വീഴ്ചയില്‍ ഒരു പുതുലോകത്തെ പരിചയപ്പെടുത്തി തന്നെങ്കില്‍ ആ ലോകത്തിന് മറുപടി പറയാനുള്ള ഒത്തുചേരലായി നിങ്ങളെല്ലാവരും തിരിച്ചുവന്ന് ഈ സംഘത്തെ നയിക്കണം. ഇതൊരു അപേക്ഷയല്ല. എല്ലാവര്‍ക്കും വേണ്ടി പറയുന്ന ഒരു ആജ്ഞയാണ്. സംഘടനയ്ക്ക് അമ്മയെന്ന പേര് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്. നമ്മുടെയൊക്കെ മുരളിച്ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കേണ്ടത്. പുറത്തുള്ള മുതലാളികള്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്. സുരേഷ് ഗോപി പറഞ്ഞു