നടൻ അജ്മൽ അമീറിനെതിരേ വീണ്ടും ആരോപണവുമായി തമിഴ് നടി നർവിനി ദേരി. ഓഡിഷനെന്ന പേരിൽ തന്നെ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ഭാഗ്യം കൊണ്ടാണ് താൻ അവിടെനിന്ന് രക്ഷപ്പെട്ടതെന്നും നടി പറഞ്ഞു.
 
 			
 
 			
					
			        							
								
																	
	 
	പഠനവും ജീവിതവും ഓർത്താണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്നും നടി വ്യക്തമാക്കി. തമിഴ് യൂട്യൂബ് ചാനലായ 'ട്രെൻഡ് ടോക്‌സി'ന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 ലായിരുന്നു സംഭവമെന്നും നടി പറയുന്നു. 
	 
	'2018ൽ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ മാളിൽവെച്ചാണ് അജ്മൽ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അജ്മലിനെ പരിചയമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അജ്മൽ അമീറാണെന്നും 'കോ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. അജ്മൽ അടുത്തേക്ക് വന്ന് നിങ്ങൾ നടിയല്ലേ, തന്റെ അടുത്ത ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. നമ്പറൊക്കെ പരസ്പരം ഷെയർ ചെയ്താണ് അന്ന് പിരിഞ്ഞത്. 
	 
	പിന്നീട് വാട്‌സാപ്പിൽ മെസേജ് അയക്കുകയും ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തു. ഒഡീഷന് വരണമെന്ന് പറഞ്ഞ് അജ്മൽ വിളിച്ചു. പക്ഷേ, അന്ന് ഞാൻ ഡെന്മാർക്കിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇപ്പോൾ തന്നെ വരാമോ, ടീമിനെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞു. വന്ന് മീറ്റ് ചെയ്താൽ മാത്രം മതി, സിനിമ തുടങ്ങാൻ കുറച്ചു സമയമെടുക്കും എന്നൊക്കെ പറഞ്ഞു. 
	 
	അന്ന് രാത്രി എനിക്ക് ഫ്ലൈറ്റ് ഉണ്ടായിരുന്നു. സാധാരണ എവിടെയെങ്കിലും ഓഡിഷനോ മറ്റോ പോകുമ്പോൾ എന്റെ സുഹൃത്തോ അല്ലെങ്കിൽ ആരെങ്കിലും കൂടെ വരാറുണ്ട്. പക്ഷെ അന്ന് രാത്രി എനിക്ക് ഫ്ലൈറ്റ് ഉണ്ടായിരുന്നു.അദ്ദേഹം സ്വന്തം കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ഞാൻ മെസ്സേജ് അയച്ചു. എവിടെയാണ് കാണേണ്ടതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഒരു ഹോട്ടലോ കോഫി ഷോപ്പോ ആണ് പറഞ്ഞത്. അഡ്ഡ്രസും ലൊക്കേഷനും ഷെയർ ചെയ്തു. ഞാൻ ഒരു ടാക്‌സി ബുക്ക് ചെയ്ത് ഉടൻ തന്നെ അങ്ങോട്ട് പോയി.
	 
	അത്ര അറിയപ്പെടുന്ന ഹോട്ടലൊന്നുമല്ലല്ലോ എന്ന് ഞാൻ അജ്മലിനോട് ചോദിച്ചിരുന്നു. നല്ല സ്ഥലം തന്നെയാണെന്നായിരുന്നു മറുപടി. ഊബറിലാണ് ഞാൻ പോയത്. പോകുമ്പോൾത്തന്നെ എനിക്കൊരു പന്തികേട് തോന്നിയിരുന്നു. ആ സ്ഥലം കണ്ടപ്പോൾത്തന്നെ എനിക്ക് വല്ലാത്തൊരു അസ്വാഭാവികത തോന്നി. ഞാൻ ചെന്ന് കതക് മുട്ടിയപ്പോൾ അജ്മൽ വാതിൽ തുറന്നു. ടീമിലുള്ളവർ എവിടെയെന്ന് ചോദിച്ചപ്പോൾ, അവർ പുറത്തേക്ക് പോയെന്ന് അജ്മൽ പറഞ്ഞു. 
	 
	എങ്കിൽ താഴെയിരിക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ അജ്മൽ വിസ്സമതിച്ചു. എന്തോ പന്തികേടുണ്ടെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ഞാൻ മുറിയിലേക്ക് കയറിയപ്പോൾ അജ്മൽ എനിക്ക് ഭക്ഷണം വിളമ്പി. ഞാനത് നിരസിച്ചു. അതേസമയം, ഞാൻ 20 മിനിറ്റിൽ മെസേജ് അയച്ചില്ലെങ്കിൽ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് മെസേജ് അയച്ചു.
	 
	അയാൾ സംസാരിച്ചുകൊണ്ട് വന്ന് എന്റെ കൈയിൽ നിന്ന് നിന്ന് ബാഗെടുത്ത് വെച്ചിട്ട്, എന്റെ തൊട്ടടുത്തേക്ക് വന്നിരുന്നു. ഞാൻ ഭക്ഷണം കഴിക്കുന്നത് നിർത്തി കൈ കഴുകിയിട്ട് വരാമെന്ന് പറഞ്ഞ് വാഷ്റൂമിലേക്ക് പോയി. അങ്ങനെ വാഷ്റൂമിൽ പോയി ഈ സാഹചര്യം എങ്ങനെ നേരിടാമെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ മനസ്സിനെ പാകപ്പെടുത്തി.
	 
	ഞാൻ വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അയാൾ പാട്ടുവെച്ചു. എന്നിട്ട് എന്റെ കൈ പിടിച്ച് പറഞ്ഞു, 'വരൂ, നമുക്ക് ഡാൻസ് ചെയ്യാം, അടിച്ചുപൊളിക്കാം' എന്ന്. 'ഇല്ല, എനിക്കറിയാം നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന്. ഞാൻ അതിനല്ല ഇവിടെ വന്നത്. എനിക്ക് താല്പര്യമില്ല', എന്ന് മറുപടി നൽകി. അപ്പോൾ അയാൾ പറയാൻ തുടങ്ങി, 'നീയെന്താ ഈ പറയുന്നത്? ഞാൻ ഇത്ര ഹാൻസമായ ആളല്ലേ? എന്റെ പിന്നാലെ എത്ര പേരുണ്ട്? പെൺകുട്ടികൾക്കൊക്കെ എന്നെ ഒരുപാട് ഇഷ്ടമാണ്. കുറച്ച് എൻജോയ് ചെയ്യൂ' എന്ന്. 'എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല' എന്ന് ഞാൻ പറഞ്ഞു. സൈക്കോളജിക്കലായി അയാളെ തളർത്തണമായിരുന്നു. 'എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല' എന്ന് ഞാൻ പറഞ്ഞു. 
	 
	'എന്താ നിനക്കെന്നെ ഇഷ്ടമല്ലാത്തത്?' എന്ന് ചോദിച്ചുകൊണ്ട് അയാൾ ആകെ ഡൾ ആയി. അയാൾക്ക് വളരെ വിഷമമായി. പിന്നെ അയാൾ നിർബന്ധിക്കാൻ ശ്രമിച്ചില്ല. എന്നാലും അയാൾ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. ഞാൻ 'കൈ എടുക്ക്' എന്ന് പറഞ്ഞു. 'നിനക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ' എന്നും ഞാൻ പറഞ്ഞു'.
	 
	'പെട്ടെന്ന് അയാൾക്കൊരു കോൾ വന്നു. അയാൾ ആരോടോ സംസാരിക്കുകയായിരുന്നു. ആ സമയത്ത് ഞാൻ എന്റെ ബാഗ് എടുത്തു. ഞാൻ ഒറ്റയ്ക്കല്ല വന്നതെന്ന് അയാളോട് പറഞ്ഞു. 'താഴെ എന്റെ സഹോദരിമാർ കാത്തുനിൽക്കുന്നുണ്ട്. ഞാൻ ഇപ്പോൾ പോയില്ലെങ്കിൽ അവർ മുകളിലേക്ക് വരും' എന്നും പറഞ്ഞു. അപ്പോൾത്തന്നെ എന്റെ സുഹൃത്ത് വിളിച്ചു. അതേസമയം, റൂം ബോയ് ബെല്ലടിച്ചു. അവൻ പേടിച്ചുപോയി. അവൻ വാതിൽ തുറന്നപ്പോൾ ഞാൻ ഓടി പുറത്തിറങ്ങി', നടി പറഞ്ഞു.