2024ൽ ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് ഏറ്റവും സങ്കടകരമായ കാഴ്ചയായിരുന്നു തമിഴ് സിനിമയുടെ തകര്‍ച്ച. 2024ലെ ആദ്യ നാല് മാസങ്ങള്‍ പിന്നിടുമ്പോഴും കാര്യമായ ഹിറ്റ് ചിത്രങ്ങളൊന്നും തന്നെ തമിഴില്‍ നിന്നും വന്നിട്ടില്ല. മലയാളം സിനിമകളും റി റിലീസുകളുമാണ് ഇപ്പോള്‍ തമിഴകത്തിന്റെ തിയേറ്ററുകള്‍ നിറയ്ക്കുന്നത്. അരന്‍മനൈ 4 മോശമല്ലാത്ത കളക്ഷനുമായി മുന്നേറുന്നുണ്ടെങ്കിലും ഒരു വമ്പന്‍ ഹിറ്റ് പിറക്കാന്‍ ഇനിയും സമയം എടുക്കുമെന്ന് ഉറപ്പ്.
എന്നാല്‍ ഇപ്പോഴിതാ മെയ് മുതല്‍ തന്നെ തമിഴ് സിനിമയുടെ രാശി തെളിയുമെന്നാണ് വരാനിരിക്കുന്ന പുതിയ തമിഴ് സിനിമകളുടെ ലൈനപ്പ് തെളിയിക്കുന്നത്. പ്രധാനതമിഴ് താരങ്ങളെല്ലാം തന്നെ വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയിലാണ് നിലവില്‍ സിനിമകള്‍ ചെയ്യുന്നത്. ഈ സിനിമകളെല്ലാം തന്നെ 2024ന്റെ ആദ്യപകുതിക്ക് ശേഷമെ റിലീസ് ചെയ്യുകയുള്ളു എന്നതായിരുന്നു തിയേറ്ററുകളെ പ്രതിസന്ധിയിലാക്കിയത്. മെയ് 10ന് പുറത്തിറങ്ങുന്ന കവിന്‍ സിനിമയായ സ്റ്റാറിന്റെ റിലീസോട് കൂടി തമിഴ് സിനിമ വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് നിലവില്‍ ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തമിഴകത്ത് വലിയ വിജയം നേടിയ ദാദ എന്ന സിനിമയുടെ നായകനായ കവിനാണ് സ്റ്റാര്‍ സിനിമയിലെ നായകന്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സ്റ്റാറിന് പിന്നാലെ വിക്രം- പാ രഞ്ജിത് ചിത്രമായ തങ്കലാന്‍ ജൂണ്‍ 13ന് തിയേറ്ററുകളിലെത്തും. ജൂലൈയില്‍ കമല്‍ഹാസന്‍- ശങ്കര്‍ സിനിമയായ ഇന്ത്യന്‍ 2വും റിലീസാകുമെന്നാണ് കരുതുന്നത്. ശിവകാര്‍ത്തികേയന്‍ സിനിമയായ അമരന്‍ ഓഗസ്റ്റില്‍ എത്തിയേക്കും പിന്നാലെ സൂര്യ സിനിമയായ കങ്കുവ, രജനീകാന്ത് സിനിമയായ വേട്ടയ്യന്‍ എന്നീ സിനിമകളും ഈ വര്‍ഷം തന്നെ റിലീസുണ്ടാകും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ദീപാവലി സമയത്ത് വിജയ് സിനിമയായ ഗോട്ടും റിലീസ് ചെയ്യുവാന്‍ സാധ്യതയേറെയാണ്.