Pa Ranjith: 'സെറ്റിൽ വെച്ച് അയാൾ മരിച്ചെന്ന് അറിഞ്ഞതോടെ ആര്യയും പാ രഞ്ജിത്തും സ്ഥലം വിട്ടു'; വിമർശനം
അപകടകരമായ സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു മരണം.
സിനിമ ഷൂട്ടിനിടെ സ്റ്റണ്ട്മാൻ എസ്എം രാജുവിന്റെ മരണം തമിഴ്‌നാട്ടിൽ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യ നായകനായെത്തുന്ന വെട്ടുവം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ദാരുണസമഭാവം. അപകടകരമായ സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു മരണം.
സംഭവത്തിൽ പാ രഞ്ജിത്ത് ഉൾപ്പെടെ സിനിമയുടെ ഭാഗമായ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നിരവധി പേരാണ് പാ രഞ്ജിത്തിനെ വിമർശിക്കുന്നത്. മനുഷ്യാവാകാശങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന ഫിലിം മേക്കറാണ് പാ രഞ്ജിത്ത്. തന്റെ സിനിമകളിൽ ഉടനീളം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം മനഃപൂർവ്വം ശ്രമിക്കാറുമുണ്ട്. എന്നാൽ ഒരു അണിയറ പ്രവർത്തകന് അപകടകരമായ സീനിൽ മതിയായ സുരക്ഷ നൽകാൻ പാ രഞ്ജിത്ത് ശ്രദ്ധിച്ചില്ലേയെന്നാണ് ഇവരുടെ ചോദ്യം.
തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ പാ രഞ്ജിത്തിനെ ശക്തമായി വിമർശിച്ചു. റെട്രോ മീഡിയ എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് വിമർശനം. കൊലപാതകമാണിതെന്ന് ദേഷ്യത്തിൽ എനിക്ക് തോന്നി. കാരണം ഒരു തെറ്റ് വീണ്ടും ചെയ്യാൻ പാടില്ല. ഇന്ത്യൻ 2 വിൽ ഒരു മൂന്ന് പേർ ഇങ്ങനെ മരിച്ചു. ഇത്രയും സാഹസികമായി സീനുകൾ എടുക്കേണ്ടതില്ല. ഇന്നത്തെ ടെക്നോളജി വെച്ച് നന്നായി എടുക്കാൻ പറ്റും. ഇത്രയും റിസ്കിയായ സീനെടുക്കുമ്പോൾ എന്തൊക്കെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്.
ബിഗിൽ എന്ന സിനിമയിൽ ഒരാൾ ഇതേ പോലെ മരിച്ചു. ഇതേപോലുള്ള സംഭവങ്ങൾ പുറത്താരും അറിയാതെ മറച്ച് വെക്കുന്നു. ഈ മരിച്ചയാൾക്കും കുടുംബവും കുട്ടികളുമുണ്ട്. ഇത്തരം സീനുകളിൽ അഭിനയിക്കുന്നവർക്ക് ലക്ഷങ്ങളൊന്നും ലഭിക്കുന്നില്ല. റിസ്കിയായ ഷോട്ടാണെങ്കിൽ പതിനായിരം രൂപ അധികം കൊടുക്കും. അത്രയേ ഉള്ളൂ.
പാ രഞ്ജിത്തിനെ പോലെ സാമൂഹ്യ ബോധമുള്ളയാൾ ഒരാളെ വെച്ച് അപകടകരമായ സീനെടുക്കുമ്പോൾ ആലോചിക്കേണ്ടതുണ്ടെന്നും അന്തനൻ പറയുന്നു. വെട്ടുവൻ എന്ന സിനിമയുടെ സെറ്റിൽ മുമ്പും ഒരു മരണം നടന്നിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും അന്തനൻ പറയുന്നുണ്ട്. എന്നാൽ ഇത് അപകട മരണമായിരുന്നില്ല. സെറ്റിൽ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. മരിച്ചെന്ന് അറിഞ്ഞതോടെ ഇവിടെ നിന്നാൽ പ്രശ്നമാകുമെന്ന് കരുതി പാ രഞ്ജിത്തും ആര്യയും അവിടെ നിന്നും പോയി. അത് തെറ്റാണ്. മനുഷ്യനെയും മനുഷ്വത്വത്തെയും കുറിച്ച് പറയുന്നവർ അവിടെ ഉണ്ടാകുന്നതാണ് ശരിയെന്നും അന്തനൻ പറയുന്നു.