എണ്‍പതുകളുടെയും തൊണ്ണൂറുകളുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കാന്‍ വ്യത്യസ്ത പ്രമേയവുമായി 'ത തവളയുടെ ത' വരുന്നു. ചിത്രത്തിന്റെ ഒഫിഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. മരങ്ങളും ഊഞ്ഞാലും പെന്‍സിലും തുടങ്ങി മലയാളിയെ ഗൃഹാതുരതയിലേക്ക് കൊണ്ടുപോകുന്ന പമ്പരവും ചൂണ്ടയുമെല്ലാം ഒരു കൊച്ചുകുട്ടി ഭാവനയില്‍ കാണുന്നത് എന്നവണ്ണം പഴയ പാഠപുസ്തകത്തിന്റെ പുറംതാളിനെ ഓര്‍മ്മിപ്പിക്കുന്ന അതിമനോഹരമായ ടൈറ്റില്‍ പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടത്.
നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ത തവളയുടെ ത'. ഏതാനും നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ കുട്ടികള്‍ക്കുവേണ്ടി പുറത്തിറക്കുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ പറയുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍ തുടങ്ങിയ ചിത്രങ്ങള്‍ പോലെ, കുട്ടികളുടെ കഥ പറഞ്ഞുകൊണ്ട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങള്‍ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് ഫ്രാന്‍സിസ് ജോസഫ് ജീര പുതിയ ചിത്രവുമായി മലയാളികളിലേയ്‌ക്കെത്തുന്നത്.
കപ്പേള, വൃത്തം, ആര്‍.ജെ മഡോണ തുടങ്ങിയ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി ഫ്രാന്‍സിസ് ജോസഫ് ജീര പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രത്തിലൂടെ, മലയാളികള്‍ക്ക് ബാല്യത്തിലേയ്ക്കുള്ള തിരിച്ചുപോക്ക് സമ്മാനിക്കണമെന്നാണ് സംവിധായകന്റെ തീരുമാനം. ടൈറ്റില്‍ പോസ്റ്ററില്‍ ഉള്‍പ്പെടെ, അത്തരമൊരു ഫീല്‍ ആദ്യം തന്നെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ സനല്‍ പി.കെ ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.