തൊണ്ണൂറുകളിലെ ഹിറ്റ് സംവിധായകന്‍ തന്നോട് കഥ പറയാന്‍ വന്നിരുന്നുവെന്നും തിരിച്ചു പോകാന്‍ നേരം അദ്ദേഹം തന്നോട് 500 രൂപ ചോദിച്ചെന്നും വിനീത് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കയ്യില്‍ അത് ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചോദിക്കേണ്ടി വന്നതെന്നും അങ്ങനെ ഒരുപാട് പേര് സിനിമയില്‍ ഉണ്ടെന്നാണ് വിനീത് പറയുന്നത്.
'90 കളിലെ ഒരു സൂപ്പര്‍ ഹിറ്റ് പടം,ഒരു പടമല്ല രണ്ടുമൂന്ന് പടങ്ങള്‍ ചെയ്ത ഒരു സംവിധായകന്‍ ഒരു കഥ പറയാന്‍ ഏറ്റെടുത്ത് വന്നിരുന്നു. നമുക്കെല്ലാം അറിയുന്ന ഒരു സംവിധായകനാണ് അദ്ദേഹം. തിരിച്ചു പോകാന്‍ നേരം എന്നോട് ചോദിച്ചു ഒരു 500 രൂപ എടുക്കാനുണ്ടാകുമോ എന്ന് വളരെ കാഷ്യലായിട്ടാണ് അദ്ദേഹം ചോദിച്ചത്. ഉണ്ട് ചേട്ടാ എന്ന് പറഞ്ഞ് ഞാനൊരു 500 രൂപ കൊടുത്തു. അദ്ദേഹം കാഷ്വലായിട്ടാണ് ചോദിച്ചതെങ്കിലും അദ്ദേഹത്തിന്റെ കയ്യില്‍ അതില്ലായിരുന്നു. അതുകൊണ്ടാണ് ചോദിച്ചത്. അത് നമുക്ക് അറിയുന്ന കാര്യമാണ്.
അതുപോലെ കെജി ജോര്‍ജ് സാറിന്റെ ഒക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഒരാള്‍ എന്നോട് 100 രൂപ ചോദിച്ചിട്ടുണ്ട്. അങ്ങനെ നമ്മള്‍ കാണുന്ന ഒരുപാട് കാഴ്ചകളുണ്ട്, ആളുകളുണ്ട്.
എനിക്കറിയുന്ന ശ്രീകാന്ത് മുരളിയുണ്ട്. ശ്രീകാന്ത് ഏട്ടന്‍ ഒരു ദിവസം എന്നോട് പറഞ്ഞതാണ്. അവര്‍ റെക്കോര്‍ഡിങ് ഒക്കെയായി എവിഎം സ്റ്റുഡിയോയില്‍ പോകുന്ന സമയത്ത് സ്റ്റുഡിയോയുടെ മുന്നില്‍ ഒരു ചേട്ടന്‍ ഇരിക്കുമത്രേ.
മൂപ്പരുടെ കയ്യില്‍ ഒരു ഒരു പേപ്പര്‍ ഉണ്ടാകും അവര്‍ വന്നു കഴിഞ്ഞാല്‍ പുള്ളി ഈ പേപ്പര്‍ അവര്‍ക്ക് കൊടുത്തിട്ട് ചായകുടിക്കാന്‍ പൈസ ഉണ്ടാകുമോ എന്ന് ചോദിക്കും. അത് കിട്ടാനായി അയാള്‍ ആ രണ്ട് രൂപയുടെ പത്രം വാങ്ങി എന്നും അവിടെ കാത്തിരിക്കും.' വിനീത് ശ്രീനിവാസന്‍ പറഞ്ഞു.