സംവിധായകന്‍ ജോഷിയുടെ വീട്ടില്‍നിന്ന് ഒരു കോടിയോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ മണിക്കൂറുകള്‍ കൊണ്ടാണ് കേരള പോലീസ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ മോഷണത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട മുഹമ്മദ് ഇര്‍ഫാനെ കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് അതേ ദിവസം വൈകിട്ട് 5 മണിയോടെ ഉഡുപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ സമ്പന്നരുടെ വീടുകള്‍ മാത്രം മോഷണം നടത്താറുള്ള ബീഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (35) നെ കൊച്ചിയില്‍ എത്തിച്ചു.
ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ഇര്‍ഫാനെ വേഗത്തില്‍ പിടികൂടാനായ കേരള പോലീസിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
'എന്റെ മോനെ.ഇതാടാ കേരള പോലീസ്. കേരള പോലീസിന് ബിഗ് സല്യൂട്ട്',-എന്നാണ് ഷാജി കൈലാസ് പത്രവാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ട് എഴുതിയത്.
ശനിയാഴ്ച രാത്രി തന്നെ ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുക്കുവാനായി പോലീസ് സംഘം കൊച്ചിയില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോയിരുന്നു. നേരത്തെ ഭീമ ജ്വല്ലറി ഉടമ ബി. ഗോവിന്ദന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും അറുപതിനായിരം രൂപയും കവര്‍ന്നത് താനാണെന്ന് ഇര്‍ഫാന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളോണ്ട്. ഈ സംഭവം 2021 ലെ വിഷുദിനത്തില്‍ ആയിരുന്നു നടന്നത്.