വേടന് പുരസ്കാരം നൽകിയത് ഇക്കാരണത്താൽ...; പ്രകാശ് രാജ് പറയുന്നു
ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേതെന്ന് പ്രകാശ് രാജ്
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇത്തവണ വേടന് നൽകിയതിന് പിന്നിലെ ചില കോണുകളിൽ നിന്നും വിമർശനമുയർന്നു. പിന്നാലെ എന്തുകൊണ്ടാണ് വേടന് പുരസ്കാരം നൽകിയതെന്ന് വ്യക്തമാക്കി ജൂറി ചെയർമാൻ പ്രകാശ് രാജ് രംഗത്ത്.
ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേതെന്ന് പ്രകാശ് രാജ് പറഞ്ഞു. വേടന്റെ പാട്ടുകളിലെ അതിജീവനത്തിനുള്ള ത്വര കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തത് കൊണ്ടാണ് പുരസ്കാരം നൽകിയതെന്നും പ്രകാശ് രാജ് പറഞ്ഞു.
വേടൻ ചെയ്യുന്നത് റാപ്പ് സംഗീതമാണ്. അതാണ് ഇന്നത്തെ തലമുറയുടെ ശബ്ദം. സ്ഥിരമായി ശാസ്ത്രീയ സംഗീതങ്ങൾക്കേ പുരസ്‌കാരം ലഭിക്കൂ എന്ന ധാരണ പാടില്ല. നിരുത്തരവാദപരമായ സംഗീതമാണ് വേടന്റേത് എന്ന് പറയാൻ കഴിയില്ല. ആ സംഗീതത്തിന് ഇന്നത്തെ തലമുറയുടെ കാഴ്‌ചപ്പാടും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്. അതുപോലെ തന്നെ അതിലെ കഥാപാത്രത്തിന്റെ വിവിധ അടരുകൾ ആ പാട്ടിൽ ഉൾക്കൊള്ളിക്കാൻ വേടൻ ശ്രമിക്കാറുണ്ട്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ ചെറുപ്പക്കാരുടെ കഥപറയാൻ ആ പാട്ടിലൂടെ വേടൻ ശ്രമിച്ചിട്ടുണ്ട്. ചെറുപ്പക്കാരുടെയും ഇന്നത്തെ തലമുറയുടെയും ശബ്ദമാണ് ഞാൻ വേടന്റെ പാട്ടുകളിൽ കണ്ടത്. ആ പാട്ടുകളിലെ ഊർജവും അതിജീവനത്തിനുള്ള ത്വരയും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു. അതാണ് വേടന് പുരസ്കാരം നൽകിയത്, പ്രകാശ് രാജ് പറഞ്ഞു.