മലയാളികൾക്ക് മറക്കാനാകാത്ത നടനാണ് അന്തരിച്ച തിലകൻ. ഓഫ് സ്ക്രീനിൽ വിവാദ നടനായിരുന്നു തിലകൻ. ഒരു ഘട്ടത്തിൽ മലയാള സിനിമാ ലോകത്തെ പ്രബലരെല്ലാം തിലകനെതിരെ തെളിഞ്ഞു. സംഘടനകൾ തിലകനെ വിലക്കി. മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങൾക്കെതിരെ പരസ്യമായി തിലകൻ രംഗത്ത് വന്നു. മമ്മൂട്ടിയും തിലകനുമായുണ്ടായ പ്രശ്നങ്ങളെല്ലാം സിനിമയ്ക്കകത്തും പുറത്തും ഉള്ളവർക്ക് അറിയാവുന്നതാണ്.
തിലകനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടിനി ടോമിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള സിനിമാ നടൻ തിലകൻ ചേട്ടനായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴാണ് എന്നോടൊരു താൽപര്യം തോന്നിയത്. തിലകന്റെ സ്വഭാവമായിരുന്നു ഏകദേശം പുള്ളിക്ക്. കുട്ടികളുടെ ദുർവാശി മാത്രമേയുള്ളൂ തിലകൻ ചേട്ടന്. പുള്ളിയെ ഇരുത്തി സംസാരിച്ചാൽ പ്രശ്നമില്ല. ഭയങ്കര രസികനാണ് അദ്ദേഹം. പക്ഷെ ഉള്ളിലൊന്നും വെക്കില്ല. എനിക്ക് മമ്മൂട്ടിയെക്കാളു ഇഷ്ടം ദുൽഖറിനെയാണ് എന്നൊക്കെ പറയാൻ ഒരു പേടിയുമില്ല. ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യനാണ്. ആരെയെങ്കിലും പേടിക്കുകയോ ചൊൽപ്പടിക്ക് നിൽക്കുകയോ ഇല്ല.
തിലകൻ തന്നോട് പറഞ്ഞ സംഭവവും ടിനി ടോം പങ്കുവെച്ചു. ദുബായിൽ ടോയ്ലറ്റിൽ മൂത്രമാെഴിക്കുമ്പോൾ മമ്മൂക്ക വന്നു. മോന്റെ കല്യാണമാണ് വരണമെന്ന് പറഞ്ഞു. ദുൽഖർ എന്നെ വിളിച്ചു, അതുകൊണ്ട് വരാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. പുള്ളിയുടെ രീതി അതാണ്. പാര വെക്കുന്ന ആളല്ല. മുഖത്ത് നോക്കി പറയുമെന്നും ടിനി ടോം വ്യക്തമാക്കി. ഇന്ത്യൻ റുപ്പി എന്ന സിനിമയിലാണ് ടിനി ടോമും തിലകനും ഒരുമിച്ച് അഭിനയിച്ചത്.