അന്ന് ശവപ്പെട്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി: ഷൂട്ടിങ് കഥ പറഞ്ഞ് ടൊവിനോ തോമസ്
ബേസിൽ ജോസഫ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തി.
കൊച്ചി: വിഷുക്കാലത്ത് ഇറങ്ങിയ ചിത്രമാണ് മരണമാസ്. ബേസിൽ ജോസഫ് നായകനായ ചിത്രം നിർമിച്ചത് ടോവിനോ തോമസ് ആയിരുന്നു. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവഗതനായ ശിവ പ്രസാദ് ഒരുക്കിയ ചിത്രം ഒരു ബ്ലാക്ക് കോമഡി ആയിരുന്നു. ബേസിൽ ജോസഫ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തി.
ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിച്ചത്. ചിത്രത്തിൽ ഒരു 'ശവ'ത്തിൻറെ റോളിൽ ടൊവിനോ ഒരു ക്യാമിയോ ചിത്രത്തിൽ നടത്തിയിരുന്നു. തീയറ്ററിൽ ഏറെ ചിരി ഉണർത്തിയ സന്ദർഭമായിരുന്നു ഇത്. ഇപ്പോൾ എന്തുകൊണ്ട് ഈ വേഷം ചെയ്തുവെന്ന് വിശദീകരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ ടൊവിനോ. തൻറെ പുതിയ ചിത്രം 'നരിവേട്ടയുടെ' പ്രമോഷൻ പരിപാടിക്കിടെയാണ് ടൊവിനോ ഇത് പറഞ്ഞത്.
'മരണമാസ്സിൽ ഡെഡ് ബോഡിയായിട്ട് വന്നഭിനയിക്കാമോ ഒരു ഷോട്ട് എന്നുപറഞ്ഞ് ആരേയും വിളിക്കാൻ പറ്റില്ലല്ലോ. അപ്പോൾ കമ്പനി ആർട്ടിസ്റ്റ് ആയിട്ട് ഞാൻ തന്നെ ഉണ്ടല്ലോ. ഇതിപ്പോൾ ആരോടും ചോദിക്കുകയും പറയുകയും വേണ്ടല്ലോ. ഞാൻ തന്നെ കയറി കിടന്നാൽ മതിയല്ലോ. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് പെട്ടിയിൽ കിടന്ന് ഞാൻ ഉറങ്ങിപ്പോയിട്ടുണ്ട്', ടൊവിനോ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.