മലയാളത്തില്‍ നിന്നുള്ള ഏറ്റവും വയലന്റായ സിനിമ എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ മാര്‍ക്കോ മലയാളക്കരയും കടന്ന് ഇന്ത്യയാകെ തരംഗം തീര്‍ക്കുന്നു. പ്രഖ്യാപനം വന്ന നാള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലിരുന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ വലിയ ആഘോഷത്തോടെയാണ് യുവാക്കള്‍ സ്വീകരിച്ചത്. വയലന്‍സും ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമായ സിനിമ മലയാള സിനിമയ്ക്ക് പുതുമയായിരുന്നിട്ട് കൂടി വലിയ നേട്ടമാണ് മലയാളം ബോക്‌സോഫീസില്‍ സിനിമയുണ്ടാക്കിയത്.
ഹിന്ദിയില്‍ 50ല്‍ താഴെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ 600ലധികം സ്‌ക്രീനുകളിലാണ് ഇപ്പോള്‍ നിറഞ്ഞോടുന്നത്. ജനുവരി ഒന്നിന് പുതുവത്സരദിനത്തിലായിരുന്നു സിനിമയുടെ തെലുങ്ക് പതിപ്പിന്റെ റിലീസ്. തെലുങ്കില്‍ 300 സ്‌ക്രീനുകളിലായിരുന്നു സിനിമയുടെ റിലീസ്. സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ ദിനം 1.25 കോടി രൂപയാണ് സിനിമ തെലുങ്ക് മാര്‍ക്കറ്റില്‍ നിന്നും നേടിയത്. ഒരു മലയാള സിനിമയ്ക്ക് തെലുങ്കില്‍ ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. വരും ദിവസങ്ങളില്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ കൂടുതല്‍ പേരുകളിലെത്തും എന്നതിനാല്‍ തെലുങ്കില്‍ സിനിമയ്ക്ക് കളക്ഷന്‍ ഉയരാനാണ് സാധ്യത എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ തിയേറ്റര്‍ റണ്‍ അവസാനിക്കുമ്പോള്‍ ആഗോള ബോക്‌സോഫീസില്‍ നിന്നും 150 കോടിയിലധികം കളക്റ്റ് ചെയ്യാന്‍ സിനിമയ്ക്ക് സാധിച്ചേക്കും.