മാർക്കോ റിലീസിനുശേഷം ഉണ്ണി മുകുന്ദനാണ് സോഷ്യൽ മീഡിയയിലെ താരം. സാധാരണക്കാരുടെ ഇടയിൽ നിന്നും വളർന്ന് വന്ന പയ്യന്റെ വിജയം ആഘോഷിക്കുകയാണ് സിനിമാപ്രേമികൾ. ഒരു ഗോഡ് ഫാദറും സിനിമയിൽ കൈപിടിച്ച് ഉയർത്താൻ ഇല്ലാതെയാണ് ഉണ്ണി ഇവിടം വരെയെത്തിയത്. മാർക്കോ നൂറ് കോടിയിലേക്ക് കുതിക്കുമ്പോൾ നടന്റെ പഴയൊരു അഭിമുഖം ചർച്ചയാവുകയാണിപ്പോൾ.
വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടിയോട് തോന്നിയ ക്രഷ് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരുന്നു. ഒപ്പം പ്രവർത്തിക്കുന്നവരുടെ മനസിൽ വലിയ സ്ഥാനം നേടാൻ അനുഷ്കയ്ക്ക് കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഉണ്ണി മുകുന്ദൻ പ്രൊപ്പോസ് ചെയ്യാനാഗ്രഹിച്ച നടിയാണ് അനുഷ്ക.
പത്ത് മാസം ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ അനുഷ്കയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചുവെന്നാണ് നടൻ പറഞ്ഞത്. അനുഷ്കയുടെ സ്റ്റാർഡത്തോട് കിടപിടിക്കുന്ന രീതിയിൽ നിൽക്കുന്നൊരു സ്റ്റാർ ആയിരുന്നു താനെങ്കിൽ അവരെ പ്രപ്പോസ് ചെയ്തേനെ എന്നാണ് ഉണ്ണി പറഞ്ഞത്.
'അനുഷ്കയിൽ ഞാൻ വീണുപോയി. കുറച്ച് പ്രായം കൂടിപ്പോയി. പക്ഷെ പ്രായം ഒരു പ്രശ്നമായിരുന്നില്ല. ഒരു പോരായ്മ എന്ന രീതിയിൽ എനിക്ക് തോന്നിയത് പുള്ളിക്കാരി വലിയൊരു സ്റ്റെയ്ച്ചറിലാണ്. ഞാനും ആ രീതിയിൽ നിൽക്കുന്നൊരു സ്റ്റാർ ആയിരുന്നുവെങ്കിൽ അവരെ ഞാൻ പ്രപ്പോസ് ചെയ്തേനെ എന്ന രീതിയിൽ ആയിരുന്നു. നല്ലൊരു വ്യക്തിത്വമാണവർ. തസ്തിക വെച്ചാണ് ആളുകൾക്ക് ബഹുമാനം കിട്ടുക. പക്ഷെ അനുഷ്കയുടെ കാര്യത്തിൽ അങ്ങനെയല്ല. സ്പോട്ട് ബോയി തൊട്ട് സംവിധായകൻ വരെ എല്ലാവരും ഒരുപോലെയാണ്. സിനിമയിൽ അഭിനയിക്കാത്ത പെൺകുട്ടി എങ്ങനെയാണോ അങ്ങനെയാണ് അനുഷ്ക. അവർക്ക് അഭിനയം വേറെ ജീവിതം വേറെ എന്ന രീതിയാണ്', ഉണ്ണി പറഞ്ഞിരുന്നു.