Vallyettan Re Release Live Updates: 24 വര്‍ഷങ്ങള്‍ക്കു ശേഷം അറയ്ക്കല്‍ മാധവനുണ്ണി വീണ്ടുമെത്തി; ആഘോഷമാക്കി മമ്മൂട്ടി ആരാധകര്‍
4K ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്
Vallyettan Re Release Live Updates: മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'വല്ല്യേട്ടന്‍' വീണ്ടും തിയറ്ററുകളില്‍. 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വല്ല്യേട്ടന്റെ റി റിലീസ്. കേരളത്തില്‍ മാത്രം 120 ല്‍ അധികം സ്‌ക്രീനുകളില്‍ ഇന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓവര്‍സീസിലും റിലീസ് ഉണ്ട്.
4K ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തില്‍ ഇതുവരെ നടന്ന റി റിലീസുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും വല്ല്യേട്ടനുണ്ട്.
കൊച്ചി ഫോറം മാളിലെ പിവിആറില്‍ ഇന്നലെ വൈകിട്ട് സിനിമയുടെ എക്‌സ്‌ക്ലൂസിവ് സ്‌ക്രീനിങ് നടന്നു. മികച്ച വിഷ്വല്‍ ട്രീറ്റാണ് സിനിമയുടെ പുതിയ പതിപ്പ് നല്‍കുന്നതെന്ന് പ്രേക്ഷകര്‍ അവകാശപ്പെടുന്നു.
ടൈറ്റില്‍ അടക്കം 4K യിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ഇന്നലെ സിനിമ കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 'മെഗാസ്റ്റാര്‍' ടൈറ്റിലും സിനിമയുടെ തുടക്കത്തില്‍ മമ്മൂട്ടിക്ക് നല്‍കിയിരിക്കുന്നു.
തിയറ്ററുകളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അനിയന്‍മാര്‍ക്കു വേണ്ടി ചങ്കുപറിച്ചു കൊടുക്കുന്ന വല്ല്യേട്ടനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അറയ്ക്കല്‍ മാധവനുണ്ണി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, സായ് കുമാര്‍, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ശോഭന, പൂര്‍ണിമ ഇന്ദ്രജിത്ത്, സുകുമാരി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
രഞ്ജിത്തിന്റേതാണ് തിരക്കഥ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കു മോഹന്‍സിത്താര ഈണം പകര്‍ന്നിരിക്കുന്നു. രാജാമണിയാണ് പശ്ചാത്തല സംഗീതം. രവിവര്‍മ്മന്‍ ആണ് ഛായാഗ്രഹണം.