'നിനക്ക് ഇപ്പോൾ സിനിമയൊന്നും ഇല്ലേ?': നേരിട്ട ചോദ്യങ്ങളെ കുറിച്ച് വെങ്കിടേഷ്
ചിത്രത്തിൽ പ്രധാനപ്പെട്ട വില്ലൻ കഥാപാത്രത്തെയാണ് വെങ്കി അവതരിപ്പിക്കുന്നത്.
വിജയ് ദേവരക്കൊണ്ടയുടെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് 'കിങ്ഡം'. ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. വൻ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ട്രെയ്‌ലർ റിലീസിന് പിന്നാലെ വൈറലാകുകയാണ് മലയാളി നടൻ വെങ്കിടേഷ്. ചിത്രത്തിൽ പ്രധാനപ്പെട്ട വില്ലൻ കഥാപാത്രത്തെയാണ് വെങ്കി അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ തനിക്ക് ആദ്യമായി കാരവാൻ ഡോർ തുറക്കപ്പെട്ട സിനിമയാണ് ഇതെന്ന് പറയുകയാണ് നടൻ. ഒരു നായകൻ ആകണം എന്ന സ്വപനം കൊണ്ടാണ് താടിയും മീശയും എല്ലാം ഒതുക്കി വന്നതെന്നും താനിതു വരെ ചെയ്ത സിനിമകളിൽ നിന്നു കിട്ടിയ പ്രതികരണത്തേക്കാൾ വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് കിട്ടിയതെന്നും വെങ്കിടേഷ് പറഞ്ഞു.
'എനിക്കു വേണ്ടി ഒരു കാരവാൻ ഡോർ തുറക്കപ്പെട്ട ആദ്യ സിനിമ ഇതാണ്. വളരെ സാധാരണ ചുറ്റുപാടിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ടു തന്നെ ഈ ജീവിതത്തോടും ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്. ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് വലിയൊരു നന്ദി. ഈ സിനിമ നന്നായി വരട്ടെ. ഇതേ പ്രൊഡക്ഷൻ കമ്പനിക്കൊപ്പം ഇനിയും പ്രവർത്തിക്കാൻ കഴിയട്ടെ. അവർക്കൊപ്പം നായകനായും എനിക്ക് അവസരം ലഭിക്കട്ടെ!
ഒരു നായകനാകണം എന്നാണ് എന്റെ ആഗ്രഹം. അതിനാണ് ഞാൻ താടിയും മീശയും എല്ലാം ഒതുക്കി ഈ രൂപത്തിൽ വന്നത്. ഇവിടെ സന്നിഹിതരായിരിക്കുന്ന സംവിധായകരും നിർമാതാക്കളും പരിഗണിക്കുമല്ലോ! നിങ്ങൾ എല്ലാവരും എന്നെ പരിഗണിക്കണം. ഈ സിനിമയിൽ ഞാൻ തന്നെയാണ് ഡബ് ചെയ്തിരിക്കുന്നതും.
സിനിമാക്കാർ സ്ഥിരം നേരിടുന്ന ഒരു ചോദ്യമുണ്ട്. സിനിമയൊന്നും ഇല്ലേ? എന്താണിപ്പോൾ സിനിമ ഇല്ലാത്തത്? എന്നോട് ചോദിക്കുന്നവരോട് ഞാൻ പറഞ്ഞു, ഞാനൊരു തമിഴ് സിനിമ ചെയ്തു എന്ന്. അപ്പോൾ അവർ ചോദിക്കും, അപ്പോൾ മലയാളത്തിൽ ഒന്നുമില്ലേ എന്ന്. അടുത്ത സിനിമ ഏതാണെന്നു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, തെലുങ്ക് സിനിമയാണെന്ന്. വിജയ് ദേവരകൊണ്ടയുടെ സിനിമയാണ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ അവർ അമ്പരന്നു. നല്ല സിനിമയാണോ, നല്ല റോൾ ആണോ എന്നായി അടുത്ത ചോദ്യം.
വിജയ് ദേവരകൊണ്ട എന്ന പേര് ഞാൻ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ ഭാവത്തിൽ താങ്കളുടെ വർക്കിന് പിന്നിലുള്ള കഠിനാധ്വാനവും ആത്മസമർപ്പണവും എനിക്ക് ബോധ്യപ്പെട്ടു. ഇങ്ങനെ പ്രേക്ഷകരുടെ കയ്യടിയും സ്നേഹവും നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. താങ്കൾ അതു നേടിക്കഴിഞ്ഞു.
ഇന്നലെ എന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ആയി. അത് താങ്കൾ സ്റ്റോറി ആക്കി. എന്നെക്കുറിച്ച് ഒരുപാടു നല്ല വാക്കുകൾ കുറിച്ചു. അതുപോലെ നിരവധി പേർ എന്റെ പോസ്റ്റർ സ്റ്റോറി ആക്കി. ഞാനിതുവരെ ചെയ്ത സിനിമകളിൽ നിന്നു കിട്ടിയ പ്രതികരണത്തേക്കാൾ വലിയ സ്വീകാര്യതയാണ് ആ ക്യാരക്ടർ പോസ്റ്ററിലൂടെ എനിക്ക് ലഭിച്ചത്,' വെങ്കിടേഷ് കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രീ റീലീസ് ചടങ്ങിലാണ് പ്രതികരണം.