"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്
"33 വർഷത്തിന് ശേഷം ഞാൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്, രാഷ്ട്രീയത്തിലായിരിക്കും മുഴുവൻ ശ്രദ്ധ"
നടന്‍ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ പ്രദർശനം വൈകുന്നതിൽ പ്രതികരണവുമായി താരം. സിനിമയുടെ പ്രദർശനം വൈകുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് വിഷമം തോന്നുന്നുവെന്ന് എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞു. താൻ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും ഇത് പെട്ടന്നെടുത്ത തീരുമാനമല്ലെന്നും വിജയ് വ്യക്തമാക്കി.
"33 വർഷത്തിന് ശേഷം ഞാൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്, രാഷ്ട്രീയത്തിലായിരിക്കും ഇനിയെന്റെ മുഴുവൻ ശ്രദ്ധ... ഇത് പെട്ടന്നെടുത്ത തീരുമാനമല്ല, കോവിഡ് കാലം മുതൽക്കേ ഞാൻ ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുകയും അതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു എന്റെ തീരുമാനം ശക്തമാണ്. സിനിമകൾ ഉപേക്ഷിക്കുകയാണ്, ജനനായകന്റെ പ്രദർശനം വൈകുന്നതുകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നത് നിർമാതാവാണ്. അദ്ദേഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"- വിജയ് പറഞ്ഞു
അതേസമയം രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി കടന്നതിനു പിന്നാലെ തന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കാനും വിജയ് മറന്നില്ല. കിങ് മേക്കർ ആവാൻ അല്ല, ജയിക്കാനാണ് താൻ മത്സരിക്കുന്നതെന്ന് താരം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഭാഗമായി മത്സരത്തിന് ഇറങ്ങുംമുമ്പ് ചിത്രം പുറത്തിറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി.) സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്.