‘ജനനായകൻ’ വൈകുന്നു; തമിഴ്‌നാട് ബോക്സ് ഓഫീസിന് 100 കോടി നഷ്ടമെന്ന് ട്രേഡ് അനലിസ്റ്റുകൾ
ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് നിയമതടസ്സങ്ങൾ മൂലമാണ് നീണ്ടുപോകുന്നത്
സൂപ്പർ സ്റ്റാർ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രം ജനനായകന്‍റെ റിലീസ് വൈകുന്നതിനെ തുടർന്ന് തമിഴ് സിനിമാ വിപണിയിൽ വൻ ഇടിവ്. തമിഴ്നാട് ബോക്സ് ഓഫീസിന് ഏകദേശം 100 കോടി രൂപയുടെ നഷ്ടമുണ്ടായതായി ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. പൊങ്കൽ സീസണിൽ 150-200 കോടി രൂപ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിജയ് ചിത്രത്തിന്റെ അഭാവം മൂലം 100 കോടിയുടെയെങ്കിലും നഷ്ടം തമിഴ്‌നാട് ബോക്സ് ഓഫീസിന് ഉണ്ടായതായി ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.
ശിവകാർത്തികേയന്റെ 'പരാശക്തി' 55 കോടിയും ജീവയുടെ 'ടിടിടി' 30 കോടിയും മാത്രമാണ് ജനുവരിയിൽ നേടിയതെന്നും കാർത്തിയുടെ 'വാ വാത്തിയാർ' പൂർണ്ണമായും പരാജയപ്പെട്ടു. ഇതോടെ ഏകദേശം 100 കോടിയുടെ കുറവാണ് വിപണിയിൽ ഉണ്ടായതെന്നും രമേശ് ബാല പറയുന്നു
ബോളിവുഡിലേത് പോലെ മൾട്ടിപ്ലക്സ് ശൃംഖലകൾ വിപണി കീഴടക്കുന്ന അവസ്ഥ കോളിവുഡിലും ഉണ്ടാകുമെന്നും ഇങ്ങനെ സംഭവിച്ചാൽ തീയറ്ററുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും ചെന്നൈയിലെ തീയറ്റർ ഉടമയായ രൂപൻ മതിവാണൻ മുന്നറിയിപ്പ് നൽകി.
ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് നിയമതടസ്സങ്ങൾ മൂലമാണ് നീണ്ടുപോകുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വലിയ സിനിമകളൊന്നുമില്ലാത്തത് തിയേറ്ററുകളെ വീണ്ടും പ്രതിസന്ധിയിലാക്കും. നിയമപ്രശ്നങ്ങൾ തീർന്നാൽ ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകന്‍റെ നിർമാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയും അണിനിരന്നിട്ടുണ്ട്.