പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കാലാനിൽ പാര്‍വതി തിരുവോത്തിനൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം. പിരീഡ് സിനിമയായ തങ്കലാനില്‍ പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാരായി എത്തുന്നത്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. ഈ ചടങ്ങിലാണ് പാര്‍വതിക്കൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം വിക്രം പങ്കുവെച്ചത്.
പാ രഞ്ജിത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും വ്യത്യാസമുള്ളവരായിരിക്കും. ഈ സിനിമയിലും അത് അങ്ങനെ തന്നെയാണ്. ഹീറോയ്ക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് പാര്‍വതിയുടേത്. ഇമോഷണല്‍ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് പാര്‍വതി കാഴ്ചവെച്ചത്. അവര്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനായതില്‍ സന്തോഷമുണ്ട്. പാര്‍വതിക്കൊപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ്. തങ്കലാനില്‍ അതിന് സാധിച്ചതില്‍ സന്തോഷമുണ്ട്. വേറെ സിനിമ കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാര്‍വതി വന്നല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.
സിനിമയില്‍ പറയുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ ജോലിയ്ക്ക് പോകുന്നവരാണ്. അവര്‍ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തില്‍ ആണിനും പെണ്ണിനും സമത്വമുള്ള കാലഘട്ടത്തില്‍ തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെയായിരിക്കും. വിക്രം പറഞ്ഞു.