ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുത സിനിമയാണിത്: വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ
ആടുജീവിതത്തിലെ നജീബ് ആണ് പൃഥ്വിരാജിനെ ഈ അവാർഡിന് അർഹനാക്കിയത്.
മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി നടൻ പൃഥ്വിരാജ്. ആടുജീവിതത്തിലെ നജീബ് ആണ് പൃഥ്വിരാജിനെ ഈ അവാർഡിന് അർഹനാക്കിയത്. കരിയറിൽ അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുത സിനിമയായിട്ടാണ് ആടുജീവിതത്തിനെ താൻ കാണുന്നതെന്ന് അവാർഡ് വാങ്ങിയ ശേഷം പൃഥ്വിരാജ് പറഞ്ഞു.
ഒരു സിനിമയ്ക്ക് വലിയ തോതിലുള്ള ജനപ്രീതിയും അതുപോലെ അംഗീകാരങ്ങളും ഒരുമിച്ച് ലഭിക്കുക എന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന അവാർഡ് ദാന ചടങ്ങിൽ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു നടൻ.
'ആടുജീവിതം എനിക്ക് വളരെ സ്പെഷ്യൽ ആണ്. ഒരു നടനെ സംബന്ധിച്ച് കരിയറിൽ അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുത സിനിമയായിട്ടാണ് ആടുജീവിതത്തിനെ ഞാൻ കാണുന്നത്. ഒരു സിനിമയ്ക്ക് വലിയ തോതിലുള്ള ജനപ്രീതിയും അതുപോലെ അംഗീകാരങ്ങളും ഒരുമിച്ച് ലഭിക്കുക എന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അതിന് നന്ദി പറയേണ്ടത് ബ്ലെസ്സി ചേട്ടനോടാണ്. ബ്ലെസി ചേട്ടന്റെ ഈ തപസ്സ്, അദ്ദേഹം ഈ സിനിമ പൂർത്തീകരിച്ച് അത് ജനങ്ങൾക്ക് മുൻപിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആ ത്വര, വരും തലമുറകൾക്ക് സിനിമയിലും അല്ലാതെയും ഒരു പാഠമാകട്ടെ എന്ന് ആശംസിക്കുന്നു', പൃഥ്വിരാജ് പറഞ്ഞു.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചിത്രം 2024 മാർച്ചിലാണ് റിലീസ് ചെയ്തത്. വർഷങ്ങൾ നീണ്ട അദ്ധ്വാനത്തിന്റെ ഫലമാണ് ആടുജീവിതം എന്ന സിനിമ. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ മികച്ച കളക്ഷനും നേടിയിരുന്നു. അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.