വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ആര്യൻ. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. 'രാക്ഷസൻ' എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്‍ണു വിശാൽ.
ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ ആണിതെന്ന സൂചന നൽകിയ ട്രെയ്‌ലർ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി കഥ പറയുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് വിഷ്ണു വിശാൽ അഭിനയിച്ചിരിക്കുന്നത്.
മലയാളത്തിലെ തന്റെ ഇഷ്ടപ്പെട്ട സിനിമകൾ ഏതൊക്കെയെന്ന് പറയുകയാണ് നടൻ. ഫഹദ് ഫാസിലിന്റെയും ബേസിൽ ജോസഫിന്റെയും സിനിമകൾ താൻ ഒരുപാട് കണ്ടിട്ടുണ്ടെന്നും നിരവധി മലയാള സിനിമകൾ കാണുന്ന വ്യക്തിയാണ് താനെന്നും വിഷ്ണു പറഞ്ഞു.
കൂടാതെ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആര്യനിലെ ചില സീനുകൾ ഷൂട്ട് ചെയ്തതെന്നും നടൻ കൂട്ടിച്ചേർത്തു. ആര്യൻ സിനിമയുടെ പ്രസ്സ് മീറ്റിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.