കാസര്‍കോട് ഗായകനും വ്‌ളോഗറുമായ ഹനാന്‍ ഷായുടെ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മൂവായിരത്തോളം പേര്‍ക്ക് മാത്രമെ പ്രവേശനമുള്ളുവെന്ന് അറിയിച്ചിട്ടും 10,000ത്തോളം ആളുകളെ പരിപാടിയില്‍ പ്രവേശിപ്പിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്. സംഘാടകരായ അഞ്ച് പേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസ്.
കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാട് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ ആളുകള്‍ തടിച്ചുകൂടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. തിക്കും തിരക്കും കാരണം പോലീസ് പരിപാടി നിര്‍ത്തിവെപ്പിക്കുകയും പിന്നീട് പോലീസ് മേധാവി നേരിട്ടെത്തുകയും ചെയ്തിരുന്നു. ആളുകളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.