"സ്ട്രോക്ക് വന്നു, സുഖപ്പെടുത്തിയത് കേരളത്തിലെ ആയുർവേദ വൈദ്യൻ"; മനസു തുറന്ന് അരവിന്ദ് സ്വാമി
"ഡോക്ടർ ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഞാൻ ശസ്ത്രക്രിയ വേണ്ട എന്ന് വെക്കുകയും കേരളത്തിലെ ഒരു ആയുർവേദ ഡോക്ടറെ സമീപിക്കുകയുമായിരുന്നു"
1991 ൽ മണിരത്നം സംവിധാനം ചെയ്ത 'ദളപതി' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നയാളാണ് അരവിന്ദ് സ്വാമി. 'റോജ', 'ബോംബെ' തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ 2005-ൽ താരത്തിന്‍റെ നട്ടെല്ലിനു പരിക്കേൽക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളർന്നു കിടപ്പിലാവുകയും ചെയ്തു. അന്ന് താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ കുറിച്ചും സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിനെ കുറിച്ചും മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ താരം തുറന്നുപറയുന്നു.
18മാസം അത്രമാത്രം കഠിനമായ വേദനയിലൂടെയായിരുന്നു കടന്നുപോയത്. ഡോക്ടർ ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ ശസ്ത്രക്രിയ വേണ്ട എന്ന് വെക്കുകയും കേരളത്തിലെ ഒരു ആയുർവേദ ഡോക്ടറെ സമീപിക്കുകയുമായിരുന്നു. ആ തീരുമാനം തന്റെ ജീവിതം മാറ്റിമറിച്ചു എന്ന് അരവിന്ദ് സ്വാമി പറയുന്നു.
"എപ്പോഴും അലോപ്പതിയിൽ വിശ്വസിക്കുന്നവർക്കിടയിൽ വളർന്നതുകൊണ്ട് ആയുർവേദത്തെക്കുറിച്ച് താൻ ആദ്യം ചിന്തിച്ചിരുന്നില്ല. എന്നാൽ കേരളത്തിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചെല്ലുകയും ചികിത്സ തുടങ്ങി വെറും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹം എന്നെ നടത്തിക്കുകയും ചെയ്തു. ഇത് എന്റെ അനുഭവമാണ്, നിങ്ങളോട് ഈ വഴി സ്വീകരിക്കണം എന്ന് പറയുന്നില്ല. എല്ലാരും ഡോക്ടർമാരുടെ നിർദ്ദേശം അനുസരിക്കുകയാണ് വേണ്ടത്"- അരവിന്ദ് സ്വാമി പറഞ്ഞു.
ശാരീരിക വേദനയേക്കാൾ ഉപരി അതൊരു മാനസിക പോരാട്ടമായിരുന്നുവെന്ന് അരവിന്ദ് സ്വാമി പറഞ്ഞു.
"13 വർഷമായി ഞാൻ സിനിമ ചെയ്തിരുന്നില്ല. അമിതമായ മരുന്നുകളുടെ ഉപയോഗം കാരണം എന്റെ തടി കൂടുകയും മുടി കൊഴിയുകയും ചെയ്തിരുന്നു. അഭിനയിക്കാൻ ഞാൻ ശാരീരികമായി തയ്യാറായിരുന്നില്ല"- അദ്ദേഹം കൂട്ടിച്ചേർത്തു