മലയാളികൾക്ക് മറക്കാൻ കഴിയാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം. മലയാള സിനിമകളോട് ശ്രീവിദ്യയ്ക്ക് ഒരു പ്രത്യേക മമത തന്നെ ഉണ്ടായിരുന്നു. ആ സ്നേഹം മലയാളികൾ അവരോടും കാണിച്ചു. സിനിമയിൽ തിളങ്ങി നിന്നിരുന്നുവെങ്കിലും നടിയുടെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല.
ജീവിതത്തിൽ കയ്പ്പേറിയ പല അനുഭവങ്ങളും ശ്രീവിദ്യക്കുണ്ടായിട്ടുണ്ട്. പ്രണയ പരാജയങ്ങൾ, വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ, കാൻസർ അലട്ടിയ നാളുകൾ തുടങ്ങി പല പ്രതിസന്ധികൾ ശ്രീവിദ്യക്കുണ്ടായി. നടൻ കമൽ ഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയം അക്കാലത്ത് സംസാര വിഷയമായി. ശ്രീവിദ്യയുടെ അവസാന നാളുകളെക്കുറിച്ച് അന്തരിച്ച തമിഴ് സംവിധായകൻ മനോബാല ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
'എനിക്ക് കൂടപ്പിറപ്പുകളായി നാല് സഹോദരിമാരുണ്ട്. അവരോടൊന്നും ഇല്ലാത്ത സ്നേഹം എനിക്ക് ശ്രീവിദ്യാമ്മയോടുണ്ടായിരുന്നു. ഒരു ദിവസം വിദ്യാമ്മ കേരളത്തിലേക്ക് പോയെന്നും ഇനി തമിഴ്നാട്ടിലേക്ക് വരില്ലെന്നും വാർത്തയറിഞ്ഞു. എനിക്ക് വല്ലാത്ത ആഘാതമായിരുന്നു അത്. എന്റെ വീട്ടിൽ ആരോ മരിച്ചത് പോലെ. എന്താണ് പ്രശ്നമെന്ന് ഞാൻ കേരളത്തിലുള്ള പ്രൊഡക്ഷൻ കൺട്രോളർമാർ മുഖേന അന്വേഷിച്ചു.
അവർക്ക് ക്യാൻസറായിരുന്നു. എന്തിന് അതിന് കേരളത്തിൽ പോകണം, ചെന്നെെയിൽ ഒരുപാട് ആശുപത്രികളുണ്ടല്ലോ എന്നെനിക്ക് തോന്നി. എന്നാൽ അവരെ റീച്ച് ചെയ്യാൻ ഫോൺ നമ്പർ എന്റെ കയ്യിൽ ഇല്ലായിരുന്നു. ഒരു ദിവസം മലയാളത്തിലെ പ്രമുഖ നിർമാതാവ് എന്നെ വന്ന് കണ്ടു. കേരളത്തിൽ വിദ്യാമ്മ ഒരു വീട്ടിൽ കഴിയുകയാണ്, അവർ ആരെയും കാണാൻ തയ്യാറല്ല, മുടിയെല്ലാം കൊഴിഞ്ഞ് മറ്റൊരു രൂപമാണിപ്പോൾ എന്ന് ആ പ്രൊഡ്യൂസർ പറഞ്ഞു.
ഞാൻ വന്നാൽ പോലും കാണാൻ പറ്റില്ലേ എന്ന് ഞാൻ ചോദിച്ചു. നിങ്ങൾ മാത്രമല്ല വേറാര് വന്നാലും കാണാൻ പറ്റില്ല, പക്ഷെ അവർക്ക് ഒരു ചെറിയ ആഗ്രഹമുണ്ട്, അത് നിങ്ങൾക്ക് വേണ്ടപ്പെട്ട ആളാണെന്ന് പറഞ്ഞു. ആരെന്ന് ചോദിച്ചപ്പോൾ കമൽ ഹാസനെയാണ് വിദ്യാമ്മയ്ക്ക് കാണേണ്ടതെന്ന് പറഞ്ഞു. ഞാൻ കമൽ ഹാസനോട് ഇത് പറഞ്ഞില്ല. എന്തുകൊണ്ടാണെന്ന് എനിക്കിന്നും അറിയില്ല. എന്നാൽ കമൽ ഹാസൻ എങ്ങനെയോ വിവരം അറിഞ്ഞ് അവരെ പോയി കണ്ടു', അദ്ദേഹം പറഞ്ഞു.
അതേസമയം, 2006 ലാണ് ശ്രീവിദ്യ മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. 2003 ലാണ് കാൻസർ സ്ഥിരീകരിച്ചത്. 40 വർഷം നീണ്ട കരിയറിൽ 800 ലേറെ സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചു.