Webdunia - Bharat's app for daily news and videos

Install App

Year Roundup, Malayalam Superstars in 2023: തുടരുന്ന മമ്മൂട്ടി മാജിക്ക്, കണ്ണുനനയിച്ച മോഹന്‍ലാലിന്റെ തിരിച്ചുവരവ്; സൂപ്പര്‍ താരങ്ങള്‍ക്ക് 2023 എങ്ങനെ?

'ഇതയാളുടെ കാലമല്ലേ' എന്ന് മലയാളികള്‍ ആവര്‍ത്തിക്കുകയാണ്, 72 വയസ് കഴിഞ്ഞിട്ടും സിനിമയോടുള്ള അടങ്ങാത്ത അധിനിവേശം മമ്മൂട്ടിക്ക് കൈമോശം വന്നിട്ടില്ല

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2023 (09:12 IST)
Year Roundup, Malayalam Superstars in 2023: സൂപ്പര്‍താരങ്ങളെല്ലാം മലയാളികളെ തൃപ്തിപ്പെടുത്തിയ വര്‍ഷമാണ് 2023. ബോക്സ്ഓഫീസില്‍ മാത്രമല്ല അഭിനയത്തിലും മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. മുന്‍ വര്‍ഷത്തെ മിന്നുന്ന ഫോം മമ്മൂട്ടി തുടരുകയും പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ മോഹന്‍ലാല്‍ കുതിച്ചുയരുകയും ചെയ്ത വര്‍ഷം..! 
 
മമ്മൂട്ടി 
 
'ഇതയാളുടെ കാലമല്ലേ' എന്ന് മലയാളികള്‍ ആവര്‍ത്തിക്കുകയാണ്, 72 വയസ് കഴിഞ്ഞിട്ടും സിനിമയോടുള്ള അടങ്ങാത്ത അധിനിവേശം മമ്മൂട്ടിക്ക് കൈമോശം വന്നിട്ടില്ല. ഓരോ വര്‍ഷം കഴിയും തോറും തന്നിലെ നടനേയും സൂപ്പര്‍ താരത്തേയും മമ്മൂട്ടി മിനുക്കിയെടുക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ ചിത്രം. ഒരു മയക്കത്തിനിടയില്‍ ജെയിംസ് സുന്ദരം ആകുന്നു, അടുത്തൊരു മയക്കത്തില്‍ സുന്ദരം ജെയിംസും ! രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി അതിശയിപ്പിക്കുന്ന അഭിനയമികവിലൂടെ പകര്‍ന്നാടി. ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടിയെ തേടിയെത്തി. 

Mammootty in Kaathal The Core
 
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ തിയറ്ററുകളില്‍ പരാജയപ്പെട്ടു. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലാത്ത ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. ഈ പരാജയത്തിനു മമ്മൂട്ടി മറുപടി നല്‍കിയത് കണ്ണൂര്‍ സ്‌ക്വാഡ് എന്ന സൂപ്പര്‍ഹിറ്റിലൂടെയാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് വേള്‍ഡ് വൈഡ് 100 കോടിയുടെ ബിസിനസ് സ്വന്തമാക്കി. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിയിലെ താരവും അഭിനേതാവും മലയാളികളെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ - ദി കോര്‍ 2023 ല്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മമ്മൂട്ടി ചിത്രമാണ്. സ്വവര്‍ഗാനുരാഗിയായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത്. ശക്തമായ രാഷ്ട്രീയം സംസാരിച്ച ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രം മലയാളികളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. ഒരു ഓഫ് ബീറ്റ് ചിത്രമെന്ന രീതിയില്‍ തിയറ്ററുകളിലെത്തിയ കാതല്‍ - ദി കോര്‍ ബോക്സ്ഓഫീസിലും വിജയമായി. 
 
മോഹന്‍ലാല്‍ 
 
2022 ന്റെ അവസാനം മോണ്‍സ്റ്ററിലൂടെ പരാജിതനായ മോഹന്‍ലാല്‍ 2023 തുടങ്ങിയത് മറ്റൊരു പരാജയ ചിത്രമായ എലോണിലൂടെയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ തിയറ്ററുകളില്‍ വന്‍ പരാജയമായി. മാത്രമല്ല മോഹന്‍ലാലിന്റെ അഭിനയവും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. കാമ്പുള്ള ഒരു കഥാപാത്രം മോഹന്‍ലാലില്‍ നിന്ന് ലഭിച്ചിട്ടു ഏറെ നാളുകള്‍ പിന്നിട്ടു. ഇത് ലാല്‍ ആരാധകരെ മാത്രമല്ല മലയാള സിനിമ പ്രേമികളെ ഒന്നടങ്കം നിരാശപ്പെടുത്തിയിരുന്നു. പക്ഷേ ഇത് മോഹന്‍ലാലാണ്, തിരിച്ചുവരിക തന്നെ ചെയ്യും. അത് എതിരാളികള്‍ക്കു പോലും ഉറപ്പുള്ള കാര്യമാണ്. ജീത്തു ജോസഫ് ചിത്രം നേരിലൂടെയാണ് മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന ആ തിരിച്ചുവരവ്. അഡ്വക്കേറ്റ് വിജയമോഹന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ മികച്ച പ്രകടനം നടത്തി. 

Mohanlal in Jailer
 
സിനിമയില്‍ ഒരിടത്തും താരപരിവേഷത്തിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന ലാലിനെ കാണാന്‍ സാധിക്കുന്നില്ല. അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ മോഹന്‍ലാലിനു സാധിച്ചു. തോറ്റു പോകുന്നവന്റെ നിസഹായതയും നേര് കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉത്സാഹവും ലാലില്‍ ഭദ്രം..! മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയം കൊണ്ട് ഞെട്ടിക്കാനുള്ള കഴിവൊന്നും തനിക്ക് നഷ്ടമായിട്ടില്ലെന്ന് അഡ്വ.വിജയമോഹനിലൂടെ ലാല്‍ മലയാളികളോട് പറയുന്നു. രജനികാന്ത് ചിത്രം ജയിലറിലെ അതിഥി വേഷവും ആരാധകരെ ആവേശത്തിലാഴ്ത്തി. 
 
സുരേഷ് ഗോപി 

Suresh Gopi in Garudan Movie
 
സുരേഷ് ഗോപിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്തത് അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഗരുഡന്‍ മാത്രം. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ചിത്രം ബോക്സ് ഓഫീസില്‍ വിജയമായി. ഹരീഷ് മാധവ് ഐപിഎസ് എന്ന പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി മികച്ച അഭിനയം കാഴ്ചവെച്ചു. എങ്കിലും ആദ്യ ദിനം മുതല്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രത്തിനു 50 കോടി ക്ലബില്‍ പോലും കയറാന്‍ സാധിക്കാതെ വന്നത് തിരിച്ചടിയായി. സമീപകാലത്ത് സുരേഷ് ഗോപി ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. ഇതെല്ലാം താരത്തിന്റെ സിനിമ കരിയറിലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 
 
ജയറാം
 
ജയറാമിന്റേതായി ഒരു മലയാള സിനിമ പോലും ഈ വര്‍ഷം എത്തിയിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ പരാജയങ്ങളാണ് ജയറാം ചിത്രങ്ങള്‍ ബോക്സ്ഓഫീസില്‍ നേരിടുന്നത്. ഇക്കാരണത്താല്‍ മലയാളത്തില്‍ നിന്നു ഒരു ഇടവേളയെടുത്തിരിക്കുകയാണ് താരം. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അബ്രഹാം ഓസ്ലര്‍ ആണ് ജയറാമിന്റെ വരാനിരിക്കുന്ന മലയാള ചിത്രം. മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ഈ ചിത്രത്തിലൂടെ ജയറാം തിരിച്ചുവരവ് നടത്തുമെന്നാണ് മലയാളികള്‍ പ്രതീക്ഷിക്കുന്നത്. 
 
ദിലീപ് 
 
റാഫി സംവിധാനം ചെയ്ത വോയ്സ് ഓഫ് സത്യനാഥന്‍ ബോക്സ്ഓഫീസില്‍ ശരാശരി വിജയമായി എന്നതൊഴിച്ചാല്‍ ജനപ്രിയ നായകന് ഈ വര്‍ഷം ഓര്‍ത്തിരിക്കാന്‍ ഒന്നുമില്ല. വന്‍ മുതല്‍മുടക്കില്‍ എത്തിയ അരുണ്‍ ഗോപിയുടെ ദിലീപ് ചിത്രം ബാന്ദ്ര കനത്ത പരാജയം ഏറ്റുവാങ്ങി. അഭിനേതാവ് എന്ന നിലയിലും ദിലീപ് നിരാശപ്പെടുത്തിയ വര്‍ഷമാണ് ഇത്. 
 
പൃഥ്വിരാജ് 
 
പൃഥ്വിരാജിന് ഈ വര്‍ഷം മലയാള സിനിമകളൊന്നും ഇല്ല. കെജിഎഫിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായ പ്രശാന്ത് നീല്‍ ഒരുക്കിയ സലാറില്‍ പൃഥ്വി മികച്ചൊരു വേഷം അവതരിപ്പിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നട ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തു. പ്രഭാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ പൃഥ്വിരാജിന്റെ മാസ് രംഗങ്ങളും കൈയടി നേടി. മലയാളത്തിനു പുറത്തുനിന്നും ആരാധകരെ നേടാന്‍ പൃഥ്വിവിന് സലാറിലൂടെ സാധിച്ചു. 
 
ദുല്‍ഖര്‍ സല്‍മാന്‍ 

 
പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമെന്ന നിലയില്‍ ദുല്‍ഖര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും 2023 ല്‍ മലയാളത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏറെ പ്രതീക്ഷകളോടെ എത്തിയ കിങ് ഓഫ് കൊത്ത തിയറ്ററുകളില്‍ പരാജയപ്പെട്ടു. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കൊത്ത ഒരു ഗ്യാങ്സറ്റര്‍ മൂവിയായിരുന്നു. എന്നാല്‍ കെട്ടുറപ്പില്ലാത്ത തിരക്കഥയും മോശം സംവിധാനവും ചിത്രത്തിനു തിരിച്ചടിയായി. ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. അഭിനേതാവ് എന്ന നിലയില്‍ ദുല്‍ഖര്‍ ഇനിയും വളരാനുണ്ടെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ വര്‍ഷം കൂടിയാണ് 2023. 
 
നിവിന്‍ പോളി 
 
കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പിന്തുണയുള്ള നിവിന്‍ പോളിക്ക് 2023 ഒട്ടും നല്ല വര്‍ഷമല്ല. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം, ഹനീഫ് അദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആന്റ് കോ എന്നിവയാണ് നിവിന്റേതായി റിലീസ് ചെയ്ത രണ്ട് സിനിമകള്‍. രണ്ടും തിയറ്ററുകളില്‍ വന്‍ പരാജയമായി. മലയാളികള്‍ ആഗ്രഹിക്കുന്ന മറ്റൊരു തിരിച്ചുവരവാണ് നിവിന്റേത്. 
 
ടൊവിനോ തോമസ് 

Tovino Thomas
 
മലയാളത്തിലെ സര്‍വകാല ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ മറികടന്നതാണ് 2023 ല്‍ ടൊവിനോ തോമസിന്റെ ഏറ്റവും വലിയ നേട്ടം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ലൂടെയാണ് മലയാളത്തില്‍ പുതിയ റെക്കോര്‍ഡ് പിറന്നത്. ടൊവിനോയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ അനൂപിനെ അവതരിപ്പിച്ചത്. നീലവെളിച്ചം, അദൃശ്യ ജാലകങ്ങള്‍ എന്നീ ടൊവിനോ തോമസ് ചിത്രങ്ങളും ഈ വര്‍ഷം റിലീസ് ചെയ്തു. അഭിനേതാവ് എന്ന നിലയില്‍ ഈ സിനിമകളിലും ടൊവിനോ മികച്ച പ്രകടനമാണ് നടത്തിയത്.
 
ഫഹദ് ഫാസില്‍
 
ഫഹദ് നായകനായി എത്തിയ മലയാള ചിത്രം പാച്ചുവും അത്ഭുത വിളക്കും ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നാണ്. അഖില്‍ സത്യനാണ് ചിത്രം സംവിധാനം ചെയ്തത്. ഹ്യൂമര്‍ വേഷത്തില്‍ ഫഹദ് മികച്ച പ്രകടനം കാഴ്ചവെച്ചു. ധൂമം, മാമന്നന്‍ എന്നീ ചിത്രങ്ങളും ഫഹദിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങി. അതില്‍ മാമന്നനിലെ നെഗറ്റീവ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം

അടുത്ത ലേഖനം
Show comments