ഭാരത് ബയോടെകും ഐ.സി.എം.ആറും ചേർന്ന് നിർമ്മിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി അടുത്തമാസം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കൊവാക്‌സിന് അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതിയുണ്ട്. അത് മാത്രമല്ല വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റിയയക്കുകയും ചെയ്‌തിരുന്നു. എന്നാൽ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും മറ്റും കോവാക്സിനെ പരിഗണിച്ചിരുന്നില്ല.
വാക്സിന്റെ അംഗീകാരത്തിന് വേണ്ടി മെയ് മാസത്തിൽ ഭാരത് ബയോടെക് ഡബ്ല്യു.എച്ച്.ഒയ്ക്ക് അപേക്ഷ നൽകിയിരുന്നു.യു.എൻ ഹെൽത്ത് ഏജൻസിയുടെ മൂല്യ നിർണ്ണയത്തിൽ കോവാക്സിൻ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സെപ്‌റ്റംബറിൽ വാക്‌സിന് അനുമതി നൽകിയേക്കുമെന്നും ഡബ്ല്യു.എച്ച്.ഒയുടെ വാക്സിൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. മരിയംഗല സിമാവോ പറഞ്ഞു. കൊവിഡിനെതിരെ കോവാക്സിൻ 78 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കിയിരുന്നത്.