വിപുലമായ തോതില്‍ ജന്മദിനാഘോഷം നടത്തിയ യുവാവിന് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആശങ്ക. ബംഗളൂരുവില്‍ നിന്ന് എത്തിയ യുവാവ് നിരീക്ഷണത്തിലിരിക്കെയാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേരാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷത്തില്‍ പങ്കെടുത്തത്. യുവാവിന് കോവിടാണെന്നു സ്ഥിരീകരിച്ചതോടെ ഇരിട്ടി നഗരസഭാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്
കുളിച്ചെമ്പ്ര പതിമൂന്നാം വാര്‍ഡിലാണ് ഇയാള്‍ താമസിക്കുന്നത്. എന്നാല്‍ നിരീക്ഷണത്തിലിരിക്കെ തന്നെ ഇയാള്‍ പലതവണ ടൗണില്‍ എത്തി പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തി. ഇതോടെ ഇരിട്ടി പട്ടണം ഉള്‍പ്പെടെയുള്ള പ്രദേശം കടുത്ത നിയന്ത്രണത്തിലാക്കാനാണ് അധികാരികള്‍.
ഞായറാഴ്ചയാണ് ജന്മദിനാഘോഷം നടത്തിയത്. ഇയാളുമായി ഇരുപതിലധികം പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കത്തില്‍ പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കുകയാണിപ്പോള്‍. ഈ ഇരുപതു പേര് മറ്റു പ്രദേശങ്ങളിലുള്ളവരുമായി ബന്ധപ്പെട്ടതാണ് കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം ഇയാളുമായി ബന്ധപ്പെട്ട സെക്കണ്ടറി സമ്പര്‍ക്ക പട്ടികയില്‍ ഇരുനൂറിലധികം പേരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എട്ടു കടകളും അടപ്പിച്ചു.
യുവാവിനും കുടുംബത്തിനുമെതിരെ നിരീക്ഷണ വ്യവസ്ഥ ലംഘിച്ചതിന് നിയമ നടപടി സ്വീകരിക്കാന്‍ നഗരസഭാ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.