Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്: ഹോം ഐസൊലേഷന്‍ എങ്ങനെ ചെയ്യാം?, സ്വയം നിരീക്ഷണത്തിന്റെ പ്രാധാന്യം എന്ത്?

Fight Against Covid

ശ്രീനു എസ്

, ചൊവ്വ, 27 ഏപ്രില്‍ 2021 (16:53 IST)
ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷന്‍ എന്നത് റൂം ഐസൊലേഷനാണ്. അതിനാല്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ജനിതക വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗീ പരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
 
ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകുന്നതായിരിക്കും നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
 
വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കണം. പറ്റുമെങ്കില്‍ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
 
വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. സങ്കീര്‍ണതകള്‍ വരികയാണെങ്കില്‍ നേരത്തെ കണ്ടുപിടിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പള്‍സ് ഓക്സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് നന്നായിരിക്കും. പള്‍സ് ഓക്സി മീറ്ററിലൂടെ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ച് വയ്ക്കേണ്ടതാണ്.
 
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് കൊണ്ടാണ് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. അതിനാല്‍ പള്‍സ് ഓക്സീമീറ്റര്‍ കൊണ്ട് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം. ഈ പരിശോധനയിലൂടെ ഓക്സിജന്റെ കുറവ് കാരണം ശ്വാസംമുട്ട് വരുന്നതിന് വളരെ മുമ്പ് തന്നെ ഓക്സിജന്‍ കുറഞ്ഞ് തുടങ്ങിയെന്ന് അറിയാന്‍ സാധിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസം 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടതിന്റ ആവശ്യകതയുണ്ടോ?