തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധന ലഭ്യമാകുന്ന ലാബുകളുടെ എണ്ണം 2113 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 1425 സര്‍ക്കാര്‍ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കോവിഡ് പരിശോധനാ സൗകര്യമുള്ളത്. 57 ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍, 31 ലാബുകളില്‍ സിബി നാറ്റ്, 68 ലാബുകളില്‍ ട്രൂനാറ്റ്, 1957 ലാബുകളില്‍ ആന്റിജന്‍ എന്നീ പരിശോധനകളാണ് നടത്തുന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. ഇതുവരെ സംസ്ഥാനത്ത് 56 ലക്ഷത്തിലധികം പരിശോധനകളാണ് ആകെ നടത്തിയത്. പ്രതിദിന പരിശോധനകളുടെ എണ്ണം 73,000ന് മുകളില്‍ വരെ ഉയര്‍ത്തിയെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ 100ന് താഴെ മാത്രമുണ്ടായിരുന്ന പ്രതിദിന പരിശോധനകള്‍ രോഗ വ്യാപന തോതനുസരിച്ചാണ് എണ്ണം ഘട്ടം ഘട്ടമായി 70,000ന് മുകളില്‍ ഉയര്‍ത്തിയത്. ടെസ്റ്റ് പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പര്‍ മില്യണ്‍ ബൈ കേസ് പര്‍ മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. പരിശോധനാ കിറ്റുകള്‍ തീര്‍ന്ന് മറ്റുപല സ്ഥലങ്ങളും പ്രതിസന്ധിയിലായപ്പോഴും പരിശോധനകളുടെ കാര്യത്തില്‍ വളരെ കരുതലോടെയാണ് കേരളത്തില്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് പോയത്. 30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകള്‍ കെ.എം.എസ്.സി.എല്‍. മുഖേന നേരത്തെ ലഭ്യമാക്കിക്കൊണ്ടിരുന്നു. അതിനാല്‍ തന്നെ പരിശോധനാ കിറ്റുകള്‍ക്ക് ഒരു ഘട്ടത്തിലും ക്ഷാമം നേരിട്ടില്ല.