Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്: ഗൃഹപരിചരണത്തില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

കൊവിഡ്: ഗൃഹപരിചരണത്തില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 13 ജനുവരി 2022 (17:26 IST)
ഗൃഹ പരിചരണത്തില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ടോയിലറ്റ് സൗകര്യമുള്ള ഒരു മുറിയിലേക്ക് മാറി താമസിക്കേണ്ടതാണ്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ചെയ്യുക. കോവിഡ് രോഗിയും രോഗിയെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയെ പരിചരിക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതുമാണ്. മാസ്‌ക് താഴ്ത്തി സംസാരിക്കുകയോ മാസ്‌ക്കിന്റെ മുന്‍ഭാഗത്ത് കൈകള്‍ കൊണ്ട് തൊടുകയോ ചെയ്യരുത്.
 
സാധനങ്ങള്‍ കൈമാറരുത്
 
ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകണം. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
 
വെള്ളവും ആഹാരവും വളരെ പ്രധാനം
 
വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കണം. പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
 
സ്വയം നിരീക്ഷണം മറക്കരുത്
 
വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് ദിവസേന ഓക്സിജന്റെ അളവും പള്‍സ് നിരക്കും സ്വയം പരിശോധിക്കുക. സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഇതുകൂടാതെ വാക്ക് ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം പള്‍സ് നിരക്ക് 90ന് മുകളില്‍ പോകുന്നുണ്ടോ എന്നും ഓക്സിജന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 3 ശതമാനം കുറയുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. അങ്ങനെ കാണപ്പെടുന്നു എങ്കില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയല്ല എന്നാണു അത് സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ വൈദ്യ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുക.
 
പള്‍സ് ഓക്സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍
 
പള്‍സ് ഓക്സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍ ഒരു മിനിറ്റ് ദൈഘ്യം ഉള്ള ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റ് ചെയ്ത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതാണ്. സാധാരണ രീതിയിലുള്ള ശ്വാസം ഉള്ളിലേക്ക് വലിച്ചു 25 സെക്കന്റ് നേരം പിടിച്ചു വയ്ക്കുമ്പോള്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ ശ്വാസകോശം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കാം. 15 മുതല്‍ 25 സെക്കന്റ് വരെയേ പറ്റുന്നുള്ളൂ എങ്കില്‍ അത്തരം ആളുകള്‍ മഞ്ഞ കാറ്റഗറിയില്‍ ഉള്‍പ്പെടുകയും അവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമില്ലെങ്കിലും ആശുപത്രിയിലെ ചികിത്സ ആവശ്യമുള്ള വിഭാഗം ആണെന്ന് മനസിലാക്കേണ്ടതാണ്. അതെ സമയം 15 സെക്കന്റ് പോലും ശ്വാസം പിടിച്ചു വയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത്തരം രോഗികള്‍ ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടുകയും അടിയന്തര ചികിത്സ ആവശ്യമുള്ളവരുമാണ്. അവര്‍ക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 5,488 കടന്നു