തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗൃഹ പരിചരണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് ഏറ്റവും പ്രായോഗികവും പ്രധാനവുമായ ഒന്നാണ് ഗൃഹ പരിചരണം. ക്വാറന്റൈനിലിരിക്കുന്നവര്‍ക്കും കോവിഡ് ബാധിച്ചവര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ ഗൃഹ പരിചരണം തന്നെയാണ് ഏറ്റവും നല്ലത്. ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ശരിയായ സമയത്ത് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്താല്‍ രോഗം കൂടുതല്‍ സങ്കീര്‍ണമാകുന്നത് തടയാന്‍ സഹായിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്മെന്റ് പരിശീലനം സംഘടിപ്പിച്ചു വരുന്നു. ഒരു കോവിഡ് രോഗിയെ വീട്ടില്‍ പരിചരിക്കുമ്പോള്‍ ആ രോഗിയും വീട്ടിലുള്ളവരും വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.