ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് 19 രോഗം പൂര്‍ണമായും സുഖപ്പെടുത്തുമെന്ന അവകാശവാദവുമായി യോഗ ഗുരു ബാബ രാംദേവ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആദ്യ ആയുര്‍വേദ മരുന്നാണ് ഇതെന്നാണ് ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലി കമ്പനി വ്യക്‍തമാക്കിയിരിക്കുന്നത്.
‘കൊറോണില്‍ ആന്‍റ് സ്വാസരി’ എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കൊറോണ ബാധിതരില്‍ 100 ശതമാനം ഫലപ്രദമാണെന്നാണ് പതഞ്‌ജലിയുടെ അവകാശവാദം.
“ലോകം മുഴുവന്‍ കൊറോണ വൈറസിനുള്ള ഫലപ്രദമായ മരുന്നിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഞങ്ങള്‍ അഭിമാനപൂര്‍വ്വം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ് കൊവിഡ് രോഗം ഇല്ലാതാക്കുന്നതിനുള്ള ആദ്യ ആയുര്‍വേദ മരുന്ന്. പതഞ്‌ജലി റിസര്‍ച്ച് സെന്‍ററും നിംസും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്” - ബാബ രാംദേവ് വ്യക്‍തമാക്കി.
മൂന്ന് മുതല്‍ ഏഴ് ദിവസം വരെയുള്ള കാലയളവുകൊണ്ട് കൊവിഡ് രോഗം 100 ശതമാനവും ഭേദമാക്കാന്‍ കഴിയുമെന്നാണ് ബാബ രാംദേവ് പറയുന്നത്. 280 രോഗികളില്‍ പരീക്ഷിച്ച് രോഗം പൂര്‍ണമായും ഭേദമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തുന്നു.
30 ദിവസത്തേക്കുള്ള കൊറോണ കിറ്റിന് 545 രൂപയായിരിക്കും വില. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പതഞ്‌ജലി സ്റ്റോറുകളില്‍ മരുന്ന് ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.