Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ഹൈഡ്രോക്‍സി ക്ലോറോക്വിൻ ? കോവിഡ് 19ന് ഇത് ഫലപ്രദമോ? ട്രം‌പിനെ പ്രകോപിപ്പിച്ചതെന്ത് ?

എന്താണ് ഹൈഡ്രോക്‍സി ക്ലോറോക്വിൻ ? കോവിഡ് 19ന് ഇത് ഫലപ്രദമോ? ട്രം‌പിനെ പ്രകോപിപ്പിച്ചതെന്ത് ?

സുബിന്‍ ജോഷി

, ബുധന്‍, 8 ഏപ്രില്‍ 2020 (20:22 IST)
മലേറിയ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‍സി ക്ലോറോക്വിൻ (എച്ച്സിക്യു). റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നിവയുടെ ചികിത്സയ്‌ക്കും ഹൈഡ്രോക്‍സി ക്ലോറോക്വിൻ നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കോവിഡ് 19 ന്റെ പരീക്ഷണാത്മക ചികിത്സയ്‌ക്കായും ഇത് ഉപയോഗിക്കുന്നു.
 
2020 മാർച്ച് 28ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) യുഎസ് സർക്കാരിന് ദശലക്ഷക്കണക്കിന് ഡോസ് ആന്‍റി മലേറിയ മരുന്നുകൾ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ വിതരണം ചെയ്യാൻ അടിയന്തര അനുമതി നൽകി. എന്നിരുന്നാലും, കൊറോണ വൈറസ് അണുബാധ തടയുന്നതിനായി ഈ മരുന്നുകളുടെ ദീർഘകാല ഉപയോഗത്തിന് എഫ് ഡി എ അംഗീകാരം നല്‍കിയിട്ടില്ല.
 
മലേറിയ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് എന്നിവ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് -19ന്‍റെ കാര്യത്തില്‍ അങ്ങനെ ഒരു സ്ഥിരീകരണം വന്നിട്ടില്ല. കൊറോണ വൈറസിനെതിരെ ഈ മരുന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കോവിഡ് -19 രോഗികൾക്ക് ഇത് സുരക്ഷിതമാണെന്നും മനസിലാക്കുന്നതിനായി കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് യുഎസിലെ ആരോഗ്യവിദഗ്‌ധന്‍ ഡോ. ആന്റണി ഫൌചി അറിയിച്ചത്.
 
ഹൈഡ്രോക്സി ക്ലോറോക്വിന് ഉണ്ടെന്നുപറയുന്ന പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘകാല - വിശാല ഉപയോഗത്തിന് തടയിടുന്നതാണ്. പ്രത്യേകിച്ചും, നിലവില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരോ അല്ലെങ്കിൽ ആന്റി-ഡിപ്രസന്റ്സ് പോലുള്ള മരുന്നുകൾ കഴിക്കുന്നവരോ ഇത് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് വിദഗ്‌ധാഭിപ്രായം. ഈ മരുന്ന് നിർദ്ദേശിക്കുന്നതിന് മുമ്പ് വിദഗ്ധ പരിശോധന നടത്തണമെന്നാണ് ഡോക്‍ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
 
വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യവുമായ മരുന്നാണ് ഹൈഡ്രോക്‍സി ക്ലോറോക്വിൻ. എന്നിരുന്നാലും, കോവിഡ് -19ന് ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്ന സാധ്യത മുന്നിലുള്ളതിനാല്‍ അതിന്റെ ആവശ്യം ഗണ്യമായി ഉയർന്നു. എന്തായാലും ഇന്ത്യ വലിയ അളവിൽ ഇത് നിർമ്മിക്കുന്നുണ്ട്. അയല്‍‌രാജ്യങ്ങള്‍ക്കും ഈ മരുന്ന് ഏറ്റവും ആവശ്യമുള്ള രാജ്യങ്ങള്‍ക്കും ഹൈഡ്രോക്‍സി ക്ലോറോക്വിൻ നല്‍കുമെന്ന് ഇന്ത്യന്‍ ഗവണ്‍‌മെന്‍റ് അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ അബോർഷൻ വീണ്ടും അബോർഷന് കാരണമാകുമോ? ഒഴിവാക്കേണ്ടത് എന്തൊക്കെ?