Publish Date: Wed, 23 Sep 2020 (09:26 IST)
Updated Date: Wed, 23 Sep 2020 (09:29 IST)
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണെന്നും 18 ശതമാനം കേസുകളും തിരുവനന്തപുരത്ത് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോള്‍ അതില്‍ 7047 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്.
മരണങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍, കഴിഞ്ഞദിവസം വരെ റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങള്‍. ചൊവ്വാഴ്ച ജില്ലയില്‍ 681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആള്‍ക്കൂട്ടമുണ്ടാക്കിക്കൊണ്ട് കുറേ നാളുകളായി നടത്തിവരുന്ന സമരങ്ങളെ കാണേണ്ടത്. നിരന്തരം ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇത് പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തില്‍ നമ്മള്‍ മുന്‍പുണ്ടായിരുന്ന രീതികളെ അടിമുടി മാറ്റിയിട്ടുണ്ട്. മീറ്റിങ്ങുകള്‍ കൂടുന്നത്, വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്, വിവാഹങ്ങള്‍ നടത്തുന്നത്, കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകമായ രീതിയിലാണ് ചെയ്യുന്നത്.
ലോകാരോഗ്യ സംഘടനയുള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും അനിവാര്യമായ കാര്യമായി പറയുന്നത് ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നതാണ്. വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസരമാണ് ഇങ്ങനെ ഒരുക്കിക്കൊടുക്കുന്നത്. ഇതിന്റെ ഫലമായി സമരങ്ങള്‍ നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. എല്ലാ രാഷ്ട്രീയ പാര്‍ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.