Publish Date: Thu, 01 Jul 2021 (20:11 IST)
Updated Date: Thu, 01 Jul 2021 (20:13 IST)
ജില്ലയില്‍ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്.
ജില്ലയില്‍ 137 ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളാണുള്ളത്. ഇവരില്‍ 59 പേര്‍ ആദ്യ ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചു. പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും സാമൂഹ്യ സുരക്ഷാ ദൗത്യത്തിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘമാണു വാക്‌സിനേഷന്‍ നല്‍കുന്നത്. വാക്‌സിനേഷന് എത്തിയവര്‍ക്കായി മൂന്ന് എന്‍-95 മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ അടങ്ങുന്ന ശുചിത്വ കിറ്റ് നല്‍കി. പൂജപ്പുര വി.ടി.സി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ എം. ഷൈനിമോള്‍, പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. ചിത്രാ രവി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.