കോവിഡ് വ്യാപിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആര്‍പിസി 144 പ്രകാരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് അര്‍ധരാത്രി മുതല്‍ 31ന് അര്‍ധരാതി വരെയാണ് തുടക്കത്തില്‍ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വലിയ രീതിയില്‍ രോഗവ്യാപനം നടക്കുന്ന സാഹചര്യം ജില്ലയില്‍ ഒഴിവായിട്ടുണ്ടെന്നു കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഇതുവരെ ആകെ 57,939 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിചിട്ടുണ്ട്. ഇതില്‍ 8,547 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകള്‍ ശക്തമായി തുടര്‍ന്നാല്‍ രോഗികളുടെ എണ്ണം ഇനിയും കുറയ്ക്കാനാകും. ഇതു മുന്‍നിര്‍ത്തിയാണ് സി.ആര്‍.പി.സി. 144 പ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.