അഞ്ചാം ഏകദിനത്തില്‍ രോഹിത് ശര്‍മ എന്തിനാണ് കൂറ്റനടി വേണ്ടെന്നുവച്ചത്?

വ്യാഴം, 14 മാര്‍ച്ച് 2019 (17:22 IST)
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പക്ഷേ ഒരുപാട് പാഠങ്ങള്‍ ഈ പരമ്പര നല്‍കുന്നുണ്ട്. എങ്ങനെ ബാറ്റ് ചെയ്യണം, എങ്ങനെ പന്തെറിയണം എന്നൊക്കെയുള്ള പ്രാഥമിക പാഠങ്ങള്‍ വരെയുണ്ട് അതില്‍. അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു. എന്നാല്‍ ചില അനുഭവസമ്പത്തേറെയുള്ള താരങ്ങള്‍ പോലും ഉത്തരവാദിത്തരഹിതമായി കളിച്ചതോടെ തോല്‍‌വി ഏറ്റുവാങ്ങേണ്ട ഗതികേടിലായി ഇന്ത്യ.
 
വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ എന്തിനാണ് തന്‍റെ ശൈലി മാറ്റിയത്? എന്തിനാണ് കൂറ്റനടി വേണ്ടെന്നുവച്ച് മെല്ലെപ്പോക്ക് നയം സ്വീകരിച്ചത്? ഒരു പ്രധാനപ്പെട്ട ചോദ്യം തന്നെയാണ് അത്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചായിരുന്നിട്ടും ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖാവാജ 106 സ്ട്രൈക്ക് റേറ്റിലാണ് 100 റണ്‍സ് എടുത്തത്. എന്നാല്‍ രോഹിത് ശര്‍മ 56 റണ്‍സ് എടുത്തത് 89 പന്തുകളില്‍ നിന്നാണ്. സ്ട്രൈക്ക് റേറ്റ് വെറും 62.92.
 
എന്തിനാണ് രോഹിത് ശര്‍മ ഇങ്ങനെ ഇഴഞ്ഞത്? കളി വിശദമായി പരിശോധിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും. ഈ പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം നാലാമത്തെ ഏകദിനത്തില്‍ മാത്രമാണ് ഫോമിലെത്തിയത്. ആ കളിയില്‍ ശ്രദ്ധയോടെ ബാറ്റുവീശിയാണ് രോഹിത്തും ശിഖര്‍ ധവാനും കൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുത്തത്. അഞ്ചാം ഏകദിനത്തിലും അതുതന്നെയായിരുന്നു രോഹിത്തിന്‍റെയും ധവാന്‍റെയും തീരുമാനം. അതീവ ശ്രദ്ധയോടെ ബാറ്റ് വീശുക. മോശം പന്തുകളെ മാത്രം ശിക്ഷിക്കുക. അതുകൊണ്ടുതന്നെ പതിഞ്ഞ തുടക്കമാണ് ഇരുവരും നടത്തിയത്.
 
എന്നാല്‍ അഞ്ചാം ഓവറില്‍ രോഹിത് ശര്‍മയുടെയും ധവാന്‍റെയും ആ തന്ത്രം പിഴച്ചു. പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ശിഖര്‍ ധവാന്‍ ഔട്ട്. 12 റണ്‍സ് മാത്രമായിരുന്നു ധവാന്‍റെ സമ്പാദ്യം. അതോടെ ഒരു മികച്ച കൂട്ടുകെട്ട് കണ്ടെത്തുക എന്നതായി രോഹിത്തിന്‍റെ വെല്ലുവിളി. നല്ല കൂട്ടുകെട്ട് ലഭിച്ചുകഴിഞ്ഞാല്‍ പതിയെ ആഞ്ഞടിക്കാമെന്നായിരുന്നു ഹിറ്റ്മാന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ അങ്ങനെയൊരു കൂട്ടുകെട്ട് കണ്ടെത്താന്‍ രോഹിത്തിന് കഴിഞ്ഞതേയില്ല. ക്യാപ്ടന്‍ വിരാട് കോഹ്‌ലി 20 റണ്‍സും റിഷഭ് പന്തും വിജയ് ശങ്കറും 16 റണ്‍സ് വീതവും മാത്രമെടുത്ത് പുറത്തായി. ക്ഷമയോടെ പിടിച്ചുനില്‍ക്കുക എന്ന തീരുമാനത്തിലേക്ക് രോഹിത് ശര്‍മ എത്തിയത് എങ്ങനെയാണ്. 
 
ഇതിനിടെ ഏകദിനക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന താരമായി രോഹിത് മാറി. എന്നാല്‍ യാതൊരുവിധ ആഘോഷവും രോഹിത്തിന്‍റെ മുഖത്തുകണ്ടില്ല. എങ്ങനെയും ഒരു കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കുക എന്നതുമാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ലക്‍ഷ്യം. തന്‍റെ സ്കോര്‍ അമ്പത് കടന്നപ്പോഴും ഒന്ന് ബാറ്റ് ഉയര്‍ത്തുകയും പുഞ്ചിരിക്കുകയും ചെയ്തതല്ലാതെ വേറൊരു സന്തോഷപ്രകടനവും രോഹിത് ശര്‍മയുടെ ഭാഗത്തുനിന്നുണ്ടായില്ല. 
 
എന്നാല്‍ ഇരുപത്തൊമ്പതാം ഓവറില്‍ രോഹിത് ശര്‍മയ്ക്ക് ക്ഷമ നശിച്ചു. തന്‍റെ സ്ഥിരം ശൈലിയില്‍ ബാറ്റ് വീശാന്‍ കഴിയാത്തതിന്‍റെ മുഴുവന്‍ ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. സാമ്പയുടെ പന്തില്‍ ഒരു കൂറ്റന്‍ സിക്സര്‍ പറത്താനായാണ് ക്രീസ് വിട്ടിറങ്ങിയത്. പക്ഷേ രോഹിത്തിന് പിഴച്ചു. കീപ്പര്‍ കാരിയുടെ കൈകളില്‍ പന്ത് സുരക്ഷിതമായി എത്തി. കാരി സ്റ്റമ്പ് ചെയ്യുമ്പോള്‍ രോഹിത് ക്രീസിന് പുറത്തായിരുന്നു.
 
ഇത്രയും സ്ലോ ആയി ബാറ്റ് ചെയ്യാന്‍ ഒരിക്കലും രോഹിത് ശര്‍മ ആഗ്രഹിച്ചതല്ല. ഇന്ത്യ നേരിട്ട ആ പ്രതിസന്ധിഘട്ടത്തില്‍ ആ ശൈലി ആവശ്യമായിരുന്നു. തന്‍റെ സ്വാഭാവികമായ ബാറ്റിംഗ് രീതിയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിനിടെയാണ് ഹിറ്റ്മാന് വിക്കറ്റ് നഷ്ടപ്പെട്ടത്. അതോടെ ഇന്ത്യ പരാജയത്തിലേക്ക് പതിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു, ഒരൊറ്റ ഓവറിലാണ് ഇന്ത്യ തോറ്റത്!