മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഇന്ത്യൻ കാണികൾക്ക് മറക്കാനാകാത്ത ദിവസമായിരിക്കും ഇന്നലെ. തിരുവനന്തപുരത്ത് വെച്ച് ഇന്ത്യയ്ക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെ കാണികൾ പ്രതീക്ഷ അർപ്പിച്ചത് രോഹിത് ശർമയിൽ ആയിരുന്നു. രോഹിതിനു ഫോമാകാ സാധിച്ചാൽ കളി ജയിച്ചു എന്ന് തന്നെ അവർ കരുതി. എന്നാൽ, ഒരാളിൽ പ്രതീക്ഷ അർപ്പിച്ച ഇന്ത്യൻ ആരാധകർക്ക് ഇരട്ടിമധുരമായിരുന്നു ക്യാപ്റ്റൻ കോഹ്ലി കരുതിവെച്ചത്.
ത്രിമൂർത്തികളുടെ താണ്ഡവത്തിൽ ചാരമായത് വെസ്റ്റിൻഡീസാണ്. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയനകമായിരിക്കും എന്ന് പറയുന്നത് വെറുതേ അല്ലെന്ന് വിൻഡീസും ഇന്ത്യൻ ആരാധകരും ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞത്. തിരുവനന്തപുരത്തേറ്റ തോൽവിയുടെ സകല കണക്കും പലിശ സഹിതമാണ് കോഹ്ലി വാങ്കഡെ മണ്ണിൽ തീർത്തത്.
67 റൺസിനാണ് ഇന്ത്യ വാങ്കഡെയിൽ വിൻഡീസിനെ നാണംകെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണെടുത്തത്. വിൻഡീസിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിച്ചു.
രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവരുടെ മികവിൽ ഇന്ത്യ 240 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മൂവർ സംഘം ഇന്ത്യയെ രക്ഷപെടുത്തി. 240 എന്നത് സുരക്ഷിതമായ സ്ഥാനമാണെന്ന് കോഹ്ലിക്ക് ഉറപ്പായിരുന്നു. ബാറ്റിംഗ് അവസാനിച്ചപ്പോൾ നായകന്റെ മുഖത്ത് അത് പ്രകടവുമായിരുന്നു. വിൻഡീസിന് എത്തിപ്പിടിക്കാൻ കഴിയാത്ത സ്കോർ ആണതെന്ന് വിരാട് ഉറപ്പിച്ചു. ഇന്ത്യൻ പേസർമാരിൽ കോഹ്ലിക്ക് അത്രയ്ക്കുണ്ടായിരുന്നു ആത്മവിശ്വാസം.
ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ മൂന്ന് അർധസെഞ്ചുറികളെന്ന അപൂർവ റെക്കോർഡിലേക്ക് കൂടി ഇന്ത്യ അതിവേഗം ഓടിക്കയറി. അതിവേഗ അർധസെഞ്ച്വറിക്കായുള്ള മത്സരമായിരുന്നോ മൂവരും എന്നും സംശയിച്ച് പോകും. 23 പന്തിൽ നാലുവീതം സിക്സും ഫോറും സഹിതം രോഹിതാണ് ആദ്യം അർധസെഞ്ചുറി പിന്നിട്ടത്. പിന്നാലെ 29 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം രാഹുൽ പരമ്പരയിൽ രണ്ടാം തവണയും 50 കടന്നു.
ഇത്രയൊക്കെ ആയാൽ പിന്നെ വരുന്നത് സാക്ഷാൽ വിരാട് കോഹ്ലിയാണ്. ഇതിനിടയിൽ റിഷഭ് പന്തിനെ ഇറക്കി നോക്കി പക്ഷേ ഫലം കണ്ടില്ല. പന്ത് വന്നത് പോലെ തന്നെ മടങ്ങി. ശേഷം വന്നത് കോഹ്ലിയായിരുന്നു. ദ കിംഗ്. തുടക്കത്തിൽ ഒന്ന് പാളിയെങ്കിലും കോഹ്ലി പെട്ടന്ന് തന്നെ ട്രാക്കിലേക്ക് കയറി. പിന്നെ കണ്ടത് അടിയോടടി ആയിരുന്നു. ആർക്കും പിടിച്ച് കെട്ടാൻ കഴിയാത്ത വിധം കോഹ്ലി നിറഞ്ഞാടുകയായിരുന്നു. 21 പന്തിൽ മൂന്നു ഫോറും അഞ്ചു സിക്സും സഹിതമാണ് കോലി ട്വന്റി20യിലെ 24ആം അർധസെഞ്ചുറി പിന്നിട്ടത്. ട്വന്റി20യിൽ കോലിയുടെ 24–ആം അർധസെഞ്ചുറിയാണ് വാങ്കഡെയിൽ പിറന്നത്.