Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ്; 'എല്ലാം അവസാനിച്ചുവെന്ന് കരുതി' - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷമി

ലോകകപ്പ്; 'എല്ലാം അവസാനിച്ചുവെന്ന് കരുതി' - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷമി

അനു മുരളി

, വെള്ളി, 17 ഏപ്രില്‍ 2020 (12:31 IST)
2015ൽ നടന്ന ഏകദിന ലോകകപ്പിൽ പൊട്ടലുള്ള കാല്‍മുട്ടുമായാണ് താന്‍ കളിച്ചതെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് ഷമി ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായിരുന്നു,
 
‘2015 ലോകകപ്പില്‍ കളിക്കുമ്പോള്‍ എന്റെ കാല്‍മുട്ടിന് പരുക്കുണ്ടായിരുന്നു. ഓരോ മത്സരം കഴിയുമ്പോഴും എനിക്കു നടക്കാന്‍ പോലും ആകുമായിരുന്നില്ല. അന്ന് ബോളിങ് പരിശീലകനായിരുന്ന നിതിന്‍ പട്ടേൽ ആയിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. അങ്ങനെയാണ് ലോകകപ്പ് പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞത്. '
 
‘ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ എന്റെ കാല്‍മുട്ടിനു പരുക്കേറ്റു. നീരുവെച്ച് വീർത്തു. നല്ല വേദനയായിരുന്നു.  കാല്‍മുട്ടിനും കാലുകൾക്കും ഒരു വണ്ണമായിരുന്നു. ഓരോ ദിവസവും ഡോക്ടര്‍ വന്നു പരിശോധിക്കും. മൂന്നു പെയിന്‍കില്ലര്‍ വരെ കഴിച്ചാണ് കളിക്കാനിറങ്ങിയിരുന്നത്’ ഷമി വിശദീകരിച്ചു.
 
‘സെമിഫൈനല്‍ പോരാട്ടത്തിനു മുന്നോടിയായി ഇനി എനിക്ക് കളിക്കാൻ പറ്റില്ലെന്ന് വരെ ഞാൻ പറഞ്ഞു. പക്ഷേ, എന്റെ കാര്യത്തില്‍ മഹി ഭായിയും ടീം മാനേജ്‌മെന്റും ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ കളിക്കാന്‍ ഇറങ്ങിയത്. മത്സരത്തില്‍ ആദ്യ സ്‌പെല്ലില്‍ 13 റണ്‍സ് മാത്രമാണ് ഞാന്‍ വിട്ടുകൊടുത്തത്. ഈ സ്‌പെല്ലിനുശേഷം ഞാന്‍ ഗ്രൗണ്ടില്‍നിന്ന് മഹിയുടെ അടുത്തേക്ക് പോയി, ഇനിയെനിക്ക് പറ്റില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പാര്‍ട് ടൈം ബോളര്‍മാരെ ഉപയോഗിക്കാന്‍ കഴിയില്ലെന്നും എങ്ങനെയെങ്കിലും ബോള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 60 റണ്‍സില്‍ കൂടുതല്‍ വിട്ടുകൊടുക്കാതിരുന്നാല്‍ മതിയെന്നും പറഞ്ഞു. അങ്ങനെ വീണ്ടും കളിച്ചു. അന്ന് കരിയര്‍ അവസാനിച്ചെന്നാണ് ഞാന്‍ കരുതിയത്. എന്നിട്ടും ഇപ്പോഴും ഞാനിതാ, ടീമില്‍ തുടരുന്നു’ ഷമി പറഞ്ഞു.
 
ലോകകപ്പില്‍ 17 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഷമി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആ താരമെന്ന് സ്റ്റുവർട്ട് ബ്രോഡ്