Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡബിള്‍ സെഞ്ച്വറി അടുത്ത ഇന്നിംഗ്‌സിലാകട്ടെ, രോഹിത് റോക്കിങ് !

Rohit Sharma

അജിത് സാം ജോയല്‍

, വ്യാഴം, 3 ഒക്‌ടോബര്‍ 2019 (15:12 IST)
വീരേന്ദര്‍ സേവാഗിന്‍റെ കളി മറന്നിട്ടില്ലാത്തവര്‍ക്ക് മുന്നില്‍ മറ്റൊരു സേവാഗായി മാറുന്ന മാജിക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ രോഹിത് ശര്‍മ പുറത്തെടുത്തത്. സേവാഗിന്‍റെ അതേ പ്രഹരശേഷിയില്‍ ഒരു തകര്‍പ്പന്‍ സെഞ്ച്വറി. ടെസ്റ്റില്‍ ഓപ്പണറായുള്ള രോഹിത്തിന്‍റെ അരങ്ങേറ്റം കുറിക്കല്‍ അതിഗംഭീരമായി.
 
സെഞ്ച്വറികളോ ഡബിള്‍ സെഞ്ച്വറികളോ അല്ല, മോഹിപ്പിക്കുന്ന രീതിയില്‍ ബാറ്റു ചെയ്യുക എന്നതാണ് രോഹിത് ശര്‍മയുടെ ലക്‍ഷ്യം. സെഞ്ച്വറിയൊക്കെ സ്വാഭാവികമായി വരുന്നതാണ്. അല്ലെങ്കില്‍ ഏകദേശം തൊണ്ണൂറിനടുത്ത് റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ഡെയ്ന്‍ പീറ്ററിനെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പായിക്കാന്‍ മനസുവരുമോ? അതാണ് രോഹിത് ശര്‍മ സ്റ്റൈല്‍.
 
ഓപ്പണറായി ആദ്യ ടെസ്റ്റില്‍ തന്നെ വേണമെങ്കില്‍ ഇരട്ട സെഞ്ച്വറി തികയ്ക്കാമായിരുന്നു രോഹിത് ശര്‍മയ്ക്ക്. എന്നാല്‍ കേശവ് മഹാരാജിനെ സിക്സറും ബൌണ്ടറിയും പറത്തി അടുത്തുതന്നെ വീണ്ടും ഒരു സിക്സിന് ശ്രമിക്കുമ്പോഴാണ് രോഹിത് ശര്‍മയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നത്. അതായത് ഡബിള്‍ സെഞ്ച്വറിക്കുവേണ്ടി കടിച്ചുതൂങ്ങി നില്‍ക്കാന്‍ ശ്രമിച്ചില്ല. ഡബിള്‍ സെഞ്ച്വറി അടുത്ത ഇന്നിംഗ്സിലാകട്ടെ എന്നൊരു കൂള്‍ മനോഭാവം.
 
പുതിയ പന്തിനെ എങ്ങനെ നേരിടണമെന്ന് എനിക്ക് നന്നായറിയാമെന്ന് ആത്മവിശ്വാസത്തോടെ പറയുകയും അത് നടപ്പാക്കി കാണിക്കുകയും ചെയ്തു രോഹിത് ശര്‍മ. ട്വന്‍റി20യിലും ഏകദിനത്തിലും ടെസ്റ്റിലും ഓപ്പണറായി സെഞ്ച്വറി നേടുന്ന ആദ്യ താരമായി രോഹിത് ശര്‍മ. ടെസ്റ്റ് ക്രിക്കറ്റിലെ ഹിറ്റ്‌മാന്‍റെ റണ്‍‌വേട്ട ലോകം കാണാനിരിക്കുന്നതേയുള്ളൂ. വിമര്‍ശകര്‍ തല്‍ക്കാലം ആ കളി കണ്ടുരസിക്കട്ടെ! 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിറ്റ്‌മാന്‍റെ വിമര്‍ശകര്‍ കാണുന്നുണ്ടല്ലോ അല്ലേ? കിടിലന്‍ 176 !