വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ ഇംഗ്ലണ്ട് ഫൈനലില്‍
വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലില്‍
വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഫൈനലില്‍. ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 8 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്.
അര്‍ദ്ധസെഞ്ചുറി നേടിയ സാറാ ടെയ്ലറാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. നാളെ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സെമി വിജയികളെയാണ് ഫൈനലില്‍ ഇംഗ്ലണ്ട് നേരിടുക. മൂന്നു തവണ ലോകകപ്പ് വിജയികളും മൂന്നു തവണ റണ്ണേഴ്സ് അപ്പുമായി ഇംഗ്ലീഷ് ടീം ഇത് ഏഴാം തവണയാണ് ഫൈനലിലെത്തുന്നത്. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ മൂന്നു റണ്‍സ് വേണ്ടിയിരുന്നു.
ഒന്നാം പന്ത് നഷ്ടപ്പെടുത്തി. രണ്ടാം പന്തില്‍ ഒരു റണ്ണടിച്ചു. മൂന്നാമത്തെ പന്തില്‍ ലോറ മാര്‍ഷ് പുറത്തായതോടെ മത്സരം കൂടുതല്‍ ആവേശത്തിലായി. എന്നാല്‍ നാലാം പന്ത് ബൗണ്ടിറിയിലേക്ക് പായിച്ച് അന്യഷ്രുസ്ബോളാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചത്. ഓപ്പണര്‍ ലോറ വോള്‍വാര്‍ട്ട് (66), ഡു പ്രീസ് (പുറത്താകാതെ 76) എന്നിവരുടെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.