‘ധോണിയുടെ സമയമായി, ഇറക്കിവിടുന്നതിനു മുന്നേ ഇറങ്ങിപ്പോരണം’- വിരമിക്കണമെന്ന് മുൻ ഇന്ത്യൻ ‌താരം

എസ് ഹർഷ

ശനി, 21 സെപ്‌റ്റംബര്‍ 2019 (10:31 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ടി20 ലോകകപ്പിനു ശേഷമാകും അദ്ദേഹം വിരമിക്കുക എന്ന റിപ്പോർട്ടുകളും ഉണ്ട്. ഇന്റർനാഷണൽ ക്രിക്കറ്റിൽ ധോണിയുടെ സമയം അവസാനിച്ചുവെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. 
 
ധോണിയുടെ സമയം കഴിഞ്ഞുവെന്നും ടീമിൽ നിന്നും പുറത്താക്കുന്നതിന് മുൻപ് സ്വയം ഒഴിഞ്ഞുപോകാൻ ധോണി തയ്യാറാകണമെന്നും സുനിൽ ഗവാസ്കർ പറഞ്ഞു. ധോണിയുടെ ആരാധകരിൽ ഒരാളാണ് തനെന്നും അതിനാൽ തന്നെ ടീമിൽ നിന്നും ഇറക്കിവിടുന്നതിനു മുന്നേ സ്വയം തയ്യാറായി ഇറങ്ങിപ്പോരണമെന്നാണ് ഗവാസ്കർ പറയുന്നത്. 
 
‘എം എസ് ധോണിയുടെ മനസ്സിൽ എന്താണെന്ന് ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ ഇനിയുള്ള ഭാവി എന്താണ് പറയേണ്ടത് ധോണി തന്നെയാണ്. എന്നാൽ ധോണി 38 ക്കാരനായതിനാൽ തന്നെ ഇന്ത്യ മുന്നോട്ട് ചിന്തിക്കേണ്ടതുണ്ട്. കാരണം അടുത്ത ടി20 ലോകകപ്പ്‌ നടക്കുമ്പോൾ ധോണിക്ക് 39 വയസ്സാകും. ധോണിയുടെ സാന്നിധ്യം ടീമിനും ക്യാപ്റ്റനും ഏറെ ഗുണം ചെയ്യും. പക്ഷേ, ധോണിയുടെ സമയമെത്തി എന്ന് ഞാൻ കരുതുന്നു. ഞാൻ ധോണിയുടെ കോടിക്കണക്കിന് ആരാധകരിൽ ഒരാൾ കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ടീമിൽ നിന്നും പുറത്താക്കുന്നതിന് വിരമിക്കാൻ തയ്യാറാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.‘- ഗവാസ്കർ പറഞ്ഞു. 
 
അതേസമയം, ധോണി വിരമിക്കുന്നത് എപ്പോഴായാലും നല്ല യാത്രയയപ്പ് നല്‍കണമെന്നാണ് അനിൽ കുംബ്ലൈ അഭിപ്രായപ്പെട്ടത്. ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്കായി കളിക്കാൻ ഇറങ്ങിയിട്ടില്ല. ഇന്ത്യൻ ആർമിക്കൊപ്പം പ്രവർത്തിക്കുന്നതിന് വേണ്ടി വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്നും ധോണി വിട്ടുനിന്നിരുന്നു. ലോകകപ്പിന് ശേഷമുള്ള രണ്ട് പരമ്പരകളിലും ധോണിക്ക് പകരം ഋഷഭ് പന്തിനെയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘സീറോയിൽ നിന്നും ഹീറോയിലേക്ക്’- അവിശ്വസനീയം പാണ്ഡ്യയുടെ ജീവിതയാത്ര !