കോഹ്ലിയുടെ കണ്ണിന് കുഴപ്പം? - കപിൽ ദേവിന്റെ വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്

ചൊവ്വ, 3 മാര്‍ച്ച് 2020 (13:01 IST)
ബാറ്റ് പിടിച്ച് കഴിഞ്ഞാൽ നാട്ടിലാണോ വിദേശത്താണോ എന്നൊന്നും നോക്കാതെ വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ഇപ്പോൾ കാണാനേ ഇല്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി പിച്ചിലേക്കിറങ്ങിയത് കോഹ്ലിയുടെ പ്രേതമാണോ എന്ന് പോലും ആരാധകർ ചോദിക്കുന്നുണ്ട്. 
 
അവരേയും കുറ്റം പറയാൻ പറ്റില്ല. ഏതൊരു പിച്ചിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയിരുന്ന കോഹ്ലിയാണ് ഇപ്പോൾ 50 കടക്കാൻ പാടുപെടുന്നത്. ദയനീയമായി പരാജയപ്പെടുന്ന ഇന്ത്യൻ നായകന്റെ മുഖം കോഹ്ലിയുടെ ആരാധകരെ ചെറുതൊന്നുമല്ല വേദനിപ്പിക്കുന്നത്.
 
കോഹ്ലിയുടെ ഈ മാറ്റം നിരവധി പ്രമുഖരാണ് ചർച്ച ചെയ്യുന്നത്. ചിലർ വിമർശിച്ചും പിന്തുണച്ചും രംഗത്തുണ്ട്. അക്കൂട്ടത്തിൽ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവും ഉണ്ട്. കോഹ്ലിയുടെ ഈ ബുദ്ധിമുട്ടിന് കാരണം അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് കുഴപ്പം ഉള്ളത് കൊണ്ടാകാമെന്ന് കപിൽ ദേവ് പറയുന്നു. 
 
‘നിങ്ങൾ ഒരു നിശ്ചിത പ്രായത്തിലെത്തുമ്പോൾ, അതായത് നിങ്ങൾ 30 വയസ് കടക്കുമ്പോൾ സ്വാഭാവികമായും കാഴ്ചശക്തിയെ ബാധിക്കും. തന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു സ്വിംഗുകളിൽ അദ്ദേഹം നാലെണ്ണം പറത്തുമായിരുന്നു. എന്നാൽ, ഇപ്പോൾ അത് രണ്ടായി ചുരുങ്ങി. അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയിരിക്കാമെന്ന് കരുതുന്നു’ - എന്ന് കപിൽ ദേവ് പറഞ്ഞു. 
 
2017-ന് ശേഷം ഇതാദ്യമായാണ് കോലി നാലോ അതിലധികമോ ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറിപോലുമില്ലാതെ പുറത്താകുന്നത്. ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിൽ എല്ലാ ബാറ്റ്സ്മാന്മാരും പരാജയമായെങ്കിലും ഏറ്റവുമധികം നിരാശപ്പെടുത്തിയ മുൻനിര ബാറ്റിങ്ങ് താരം ഇന്ത്യൻ നായകനാണ്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സാഹക്ക് പകരം ഋഷഭ് പന്തിനെ എന്തിന് ടീമിലെടുത്തു, വിശദീകരണവുമായി വിരാട് കോലി