ടി20 ലോകകപ്പ് പടിവാതിലിനരികെ നിൽക്കെ പഴയ പ്രകടനങ്ങളുടെ നിഴൽ പോലുമാകാനാകാതെ ഓസ്ട്രേലിയ. വെസ്റ്റിൻഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയും 4-1ന്റെ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയിരിക്കുന്നത്. ഒരുകാലത്ത് ക്രിക്കറ്റ് കളങ്ങളെ അടക്കിഭരിച്ച മൈറ്റി ഓസീസിന്റെ പരാജയത്തെ ഞെട്ടലോടെ ക്രിക്കറ്റ് ലോകം ഏറ്റുവാങ്ങുന്നത്.
ആദ്യ മൂന്ന് ടി20 മത്സരങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശിനെതിരെ നാലാം മത്സരത്തിൽ ഓസീസ് വിജയിച്ചിരുന്നു. എന്നാൽ അവസാന മത്സരത്തിൽ 60 റൺസിന്റെ നാണംകെട്ട തോൽവിയാണ് ഓസീസ് വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് ആണ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വെറും 62 റൺസിന് പുറത്താവുകയായിരുന്നു.
ഓസ്ട്രേലിയയുടെ ടി20യിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. 3.4 ഓവറിൽ 9 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയ ഷക്കിബ് അൽ ഹസനും 3 ഓവറിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സെയ്‌ഫുദ്ദീനുമാണ് ഓസീസിനെ കറക്കി വീഴ്‌ത്തിയത്.